അബൂദബി: തലസ്ഥാന നഗരിയിലെ ടൂറിസ്റ്റ് ക്ലബ് ഏരിയയിൽ പ്രവർത്തിച്ചിരുന്ന അബൂദബി വിമാനത്താവളത്തിെൻറ സിറ്റി ടെർമിനൽ ചെക്-ഇൻ സൗകര്യം വ്യാഴാഴ്ച മുതൽ നിർത്തലാക്കി. യാത്രക്കാരിൽനിന്ന് 30 ദിർഹം ടെർമിനൽ സർവിസിനായി വിമാനക്കമ്പനികൾ സിറ്റി ടെർമിലിൽ ഈടാക്കിയിരുന്നെങ്കിലും നഗരാതിർത്തിയിൽ താമസിക്കുന്നവർക്ക് അവരുടെ ലഗേജുകൾ നേരത്തെ അയക്കാനുള്ള വലിയ സൗകര്യമായിരുന്നു ഇവിടെ ലഭിച്ചിരുന്നത്. ഇത്തിഹാദ് എയർവേയ്സ് യാത്രക്കാരാണ് ഈ ടെർമിനൽ സേവനം ഏറ്റവുമധികം ഉപയോഗിച്ചിരുന്നത്.യാത്രക്കാർക്ക് അവരുടെ ലഗേജുകൾ എത്തിച്ചാൽ ബോർഡിങ് പാസ് ഇവിടെനിന്ന് ലഭിക്കുമായിരുന്നു. 40 കിലോമീറ്ററിലധികം അകലെയുള്ള വിമാനത്താവളത്തിൽ ലഗേജുകൾ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടും യാത്രാദിവസം വളരെ നേരത്തെ വിമാനത്താവളത്തിൽ എത്തേണ്ട അവസ്ഥയും ഇതുവഴി ഒഴിവാക്കാമായിരുന്നു.
അബൂദബി നാഷനൽ എക്സിബിഷൻ സെൻററിലെ (അഡ്നെക്) ചെക്ക്-ഇൻ സൗകര്യമാണ് ഇനി തലസ്ഥാന നഗരിയിലെ യാത്രക്കാർക്കുള്ള ആശ്രയം. രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് വരെയാണ് അഡ്നെക്കിലെ കിയോസ്ക് ചെക്ക് ഇൻ കേന്ദ്രം പ്രവർത്തിക്കുക.സിറ്റി ടെർമിനൽ സർവിസ് നിലച്ചതോടെ വിമാനത്താവളത്തിലോ അബൂദബി നാഷനൽ എക്സിബിഷൻ സെൻററിലെ വിദൂര ചെക്-ഇൻ കേന്ദ്രത്തിലോ യാത്രക്കാർക്ക് വെള്ളിയാഴ്ച മുതൽ ലഗേജ് നൽകേണ്ടി വരും. സിറ്റി ടെർമിനൽ പ്രവർത്തിച്ചിരുന്ന കെട്ടിടം മുമ്പ് അബൂദബി നഗരത്തിലെ ഒരു പൊതുഗതാഗത ബസ് സ്റ്റേഷനായിരുന്നു. ഇത് 1999ലാണ് സിറ്റി ടെർമിനലായി പുനർനിർമിച്ചത്. അബൂദബി വിമാനത്താവളം ഈ കെട്ടിടം ഉപയോഗപ്പെടുത്തുമോ അതോ പൊതുഗതാഗത ഉപയോഗത്തിനു നഗരസഭക്ക് തിരിച്ചുനൽകുമോയെന്നൊന്നും വ്യക്തമല്ല. അതേസമയം, അബൂദബി വിമാനത്താവളത്തിലെ മിഡ്ഫീൽഡ് ടെർമിനൽ കെട്ടിടം തുറക്കാനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.