അബൂദബി : രാജ്യത്തെ പാർലമെൻറായ ഫെഡറൽ നാഷണൽ കൗൺസിലിൽ (എഫ്.എൻ.സി) വനിതകളുടെ പ്രാതിനിധ്യം 50 ശതമാനമായി ഉയർത്താനുള്ള യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ തീരുമാനത്തെ ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗവും മീഡിയ കമ്മിറ്റി ചെയർപേഴ്സനുമായ യു.എ.ഇ സാംസ്കാരിക വൈജ്ഞാനിക വകുപ്പു മന്ത്രി നൂറ ബിന്ത് മുഹമ്മദ് അൽ കഅ്ബി പ്രശംസിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അബൂദബി ഫോറിൻ കറസ്പോണ്ടൻറ്സ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുകയായിരുന്നു അവർ.
ജനങ്ങൾക്കും കുട്ടികൾക്കും സുസ്ഥിര ഭാവി ഉറപ്പാക്കാൻ എഫ്.എൻ.സി സഹായിക്കും. പൗരന്മാരെ ശാക്തീകരിക്കാനും തീരുമാനമെടുക്കുന്ന പ്രക്രിയയിൽ അവരുടെ സംഭാവനകളെ വർധിപ്പിക്കാനുമായി 2005ലെ 34-ാംമത് യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനാണ് ഫെഡറൽ നാഷണൽ കൗൺസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. യു.എ.ഇയിൽ അപരിചിതമായിരുന്ന ജനാധിപത്യം നടപ്പാക്കി രാഷ്ട്രീയ ശാക്തീകരണ പദ്ധതിക്കു തുടക്കം കുറിച്ചത് പ്രസിഡന്റ് ശൈഖ് ഖലീഫയുടെ ദീർഘ വീക്ഷണമാണ്.
എഫ്.എൻ.സി അഫയേഴ്സ് സഹ മന്ത്രാലയം അണ്ടർ സെക്രട്ടറിയും ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗവും തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്സണുമായ താരിഖ് ഹിലാൽ ലൂത്ത, എഫ്.എൻ.സി അഫയേഴ്സ് സഹ മന്ത്രാലയം അസി.അണ്ടർ സെക്രട്ടറി ഡോ. സയീദ് മുഹമ്മദ് അൽ ഗാഫ്ലി എന്നിവരും ഒട്ടേറെ മാധ്യമ പ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.