ദുബൈ: സാങ്കേതിക അനുമതി ലഭിക്കാത്തതിെൻറ പേരില്‍ സർക്കാറിന് ഉപേക്ഷിക്കേണ്ടി വന്ന എയർ കേരള വിമാന കമ്പനി എന്ന ആശയത്തിന് വീണ്ടും ചിറക് മുളക്കുന്നു. കഴിഞ്ഞ ആഴ്ച ദുബൈയി ൽ നടന്ന ലോക കേരള സഭ പശ്ചിമേഷ്യൻ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി യ പ്രസ്താവനയാണ് പദ്ധതിക്ക് വീണ്ടും പ്രതീക്ഷ പകരുന്നത്. മലയാളി പ്രവാസികൾ കാലങ്ങളാ യി അനുഭവിക്കുന്ന യാത്രാക്ലേശത്തിന് ഉചിത പരിഹാരം എയർ കേരളയാണെന്ന് കണ്ടാണത്രെ പുനരാലോചനക്ക് സർക്കാർ ശ്രമിക്കുന്നത്. ഉപാധികളോടെ പൊതു-സ്വകാര്യ ഉടമസ്ഥതയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ശ്രമം. പ്രവാസികൾക്ക് ഗുണകരമാകുമോയെന്ന സംശയം കാരണമാണ് നേരത്തെ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും എന്നാൽ, ഉപേക്ഷിക്കേണ്ടതില്ലെന്നാണ് പുതിയ തീരുമാനമെന്നുമാണ് മുഖ്യമന്ത്രി ദുബൈയില്‍ പറഞ്ഞത്. അതേസമയം , തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കേവല പ്രസ്താവന മാത്രമാണിതെന്ന വാദവും ഉയരുന്നുണ്ടെങ്കിലും പുനരാലോചിക്കുന്ന സ്ഥിതിക്ക് പദ്ധതി പ്രാവർത്തികമാക്കാൻ ശക്തമായ ഇടപെടലുകൾ വേണമെന്ന ആവശ്യവുമായി പ്രവാസി സംഘടനകളും രംഗത്തുണ്ട് .
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളില്‍ സ്വകാര്യ വ്യോമയാന കമ്പനികള്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി പിഴിയുന്ന സാഹചര്യത്തിലാണ് വിദേശ മലയാളികളെ സഹായിക്കാന്‍ സംസ്ഥാനത്തിന് സ്വന്തമായി വിമാന കമ്പനി വേണമെന്ന ആവശ്യം വര്‍ഷങ്ങള്‍ക്കു മുമ്പ് ഉയര്‍ന്നത് . പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ കെടുകാര്യസ്ഥതയും എയര്‍ കേരളക്ക് പ്രസക്തി വര്‍ദ്ധിപ്പിച്ചു. 2006ഫെബ്രുവരിയില്‍ എയര്‍ കേരള വിമാന സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ച അന്നത്തെ സര്‍ക്കാര്‍ ഇതിനായി നെടുമ്പാശ്ശേരി വിമാനത്താവള നടത്തിപ്പുകാരായ കൊച്ചിന് ഇൻറര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിെൻറ (സിയാല്‍)അനുബന്ധമായി ‘എയര്‍ കേരള ലിമിറ്റഡ്’ എന്ന പേരില്‍ കമ്പനിയും രൂപവത്കരിച്ചു. പ്രവാസി നിക്ഷേപം കൂടി സ്വീകരിച്ച് തുടങ്ങാനിരുന്ന പദ്ധതിക്കായി സിയാലിെൻറ നേതൃത്വത്തില്‍ സാധ്യതാ പഠനവും നടത്തി. 2012 ല്‍ കൊച്ചിയില്‍ നടന്ന എമേര്‍ജിംഗ് കേരള ആഗോള സംഗമത്തിൽ പല പ്രമുഖരും പണം നിക്ഷേപിക്കാൻ സന്നദ്ധത അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു നീങ്ങി. കുറഞ്ഞത് 20 വിമാനമെങ്കിലും വേണമെന്നും അഞ്ചു വര്‍ഷമെങ്കിലും ആഭ്യന്തര സര്‍വീസ് നടത്തി പരിചയമുള്ളവര്‍ക്കു മാത്രമേ അന്താരാഷ്ട്ര സര്‍വീസ് അനുവദിക്കൂവെന്നുമുള്ള വ്യോമയാന നിയമവും ആയിരുന്നു തുടക്കത്തിലെ വിലങ്ങുതടി .
ഇതിനെ മറികടക്കാന്‍ ശ്രമങ്ങളും നടന്നു . വ്യവസ്ഥകള്‍ ഒഴിവാക്കി വിദേശ സര്‍വീസിന് അനുമതി തേടി സംസ്ഥാനം ഭരിച്ചിരുന്ന യു.ഡി.എഫ് ഗവണ്‍മെൻറ് അന്ന് കേന്ദ്രം ഭരിച്ചിരുന്ന യു.പി.എ സർക്കാറിന് പലവട്ടം നിവേദനം നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം. അനുമതി ലഭിക്കാഞ്ഞതോടെ 2013 വിഷു ദിനത്തില്‍ എയര്‍ കേരള പറക്കുമെന്ന പ്രഖ്യാപനം നനഞ്ഞ പടക്കം പോലെ ചീറ്റിപ്പോയി . ഒടുവില്‍ എന്‍.ഡി.എ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരുന്നെങ്കിലും കേന്ദ്രത്തില്‍ നിന്നും അനുകൂല നിലപാട് കിട്ടാതെ വീണ്ടും 2016 ല്‍ കേന്ദ്രസർക്കാർ വ്യോമയാന നയങ്ങളില്‍ കേന്ദ്രം മാറ്റങ്ങള്‍ വരുത്തിയപ്പോൾ അഞ്ചുവര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയം വേണമെന്ന നിബന്ധന എടുത്തുകളഞ്ഞെങ്കിലും 20 വിമാനം സ്വന്തമായി വേണമെന്ന നിബന്ധനയില്‍ മാറ്റമുണ്ടായില്ല. ഇതോടെ, അടുത്തകാലത്ത് സര്‍വീസ് ആരംഭിച്ച വിസ്താര, എയര്‍ ഏഷ്യ തുടങ്ങിയ വിമാന കമ്പനികള്‍ക്ക് വിദേശ സര്‍വീസിന് അവസരമൊരുങ്ങി എന്നല്ലാതെ എയര്‍ കേരളക്ക് ചിറക് വിരിക്കാനായില്ല. ഉദ്ദേശം300 കോടി രൂപയാണ് പ്രവര്‍ത്തനം തുടങ്ങാന്‍ കണ്ടത്. ഇതിനായി 25 പ്രമുഖ എന്‍.ആര്.ഐ കളില്‍ നിന്ന് 250 കോടി രൂപയും സിയാലും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് 50 കോടിയും ചേര്‍ത്ത് 300 കോടി സ്വരൂപിക്കാന്‍ നടത്തിയ ശ്രമവും വിജയിച്ചില്ല.
ഈ സാഹചര്യത്തില്‍, ആദ്യ ഘട്ടത്തില്‍ ആഭ്യന്തര സര്‍വീസ് തുടങ്ങി പിന്നീട് അന്തര്‍ദേശീയ സര്‍വീസ് ആരംഭിക്കാനായിരുന്നു ആലോചന. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ല . കേന്ദ്രസര്ക്കാരിെൻറയും മറ്റുവകുപ്പുകളുടെയും യാതൊരു ഭരണാനുമതികളും സാങ്കേതികാനുമതികളും എയര്‍ കേരളയ്ക്ക് ലഭിച്ചതുമില്ല . ആഭ്യന്തര സര്‍വീസ് മാത്രമായി തുടങ്ങിയാല്‍ എയര്‍ കേരളക്ക് ലാഭകരമായി മുന്നോട്ടു പോകാനും കഴിയില്ല. തുടക്കത്തില്‍ വിമാനങ്ങള്‍ വാടകക്കെടുത്ത് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും നഷ്ടംപേടിച്ച് പിന്‍വലിഞ്ഞു. തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് പിണറായി സര്‍ക്കാര്‍ തന്നെയാണ് പദ്ധതി പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്. കാര്യക്ഷമായി നടത്താന്‍ കഴിഞ്ഞാല്‍ എയര്‍ കേരള വന്‍ വിജയമാക്കാന്‍ കഴിയുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. യു.എ.ഇയില്‍ ഫുജൈറ അടക്കമുള്ള എമിറേറ്റുകളും ഇതുമായി സഹകരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. പ്രതീക്ഷ യാഥാര്‍ഥ്യമായാല്‍ സംസ്ഥാന സര്‍ക്കാറിെൻറ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ വിമാന കമ്പനിയായിരിക്കും എയര്‍ കേരള. ഒപ്പം ഗള്‍ഫ് മലയാളികളുടെ ദുരിതരഹിത യാത്ര എന്ന ചിരകാലാഭിലാഷവും പൂവണിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.