ദുബൈ: പള്ളിയിൽ നമസ്കാരത്തിനെത്തിയ ആൾ കുഴഞ്ഞു വീഴുന്നത് കണ്ട് പിടിക്കാൻ സഹായിച്ച മലയാളി യുവാവിെൻറ പേഴ്സും രേഖകളും കവർന്നു.
ബുധനാഴ്ച്ച വൈകീട്ട് മഗ്രിബ് നമസ്കാര സമയത്ത് ദുബൈ സത്വ യിലെ അബൂബക്കർ മസ്ജിദിലാണ് സംഭവം. തലശ്ശേരി സ്വദേശിയും ദുബൈയിൽ ഇൻറീരിയർ ഡിസൈനിംഗ് കമ്പനിയിൽ ജോലിക്കാരനുമായ മുനീർ പാലക്കണ്ടിക്കാണ് മൂവായിരത്തോളം ദിർഹവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടത്. പള്ളിയിൽ നമസ്കാരം തുടങ്ങിയതു കണ്ട് തിടുക്കത്തിൽ കയറുന്നതിനിടെയാണ് ഡോറിനടുത്ത് നിന്നിരുന്ന ആൾ നെഞ്ചിൽ കൈവെച്ച് കുഴഞ്ഞു വീഴുന്നത് കണ്ടത്. ഉടനെ മുനീർ ഇയാളെ താങ്ങിയെടുത്ത് സാവധാനം നിലത്ത് കിടത്താൻ ശ്രമിച്ചു. ഈ സമയം ഇയാൾ വേദന സഹിക്കാൻ പറ്റാത്ത വിധം വെപ്രാളപ്പെടുകയും മുനീറിെൻറ കാലിൽ പിടിച്ചു ഉറക്കെ വലിക്കാൻ തുടങ്ങി.
പുറകിൽ നിന്ന് മറ്റു രണ്ടുമൂന്ന് പേർ കൂടി വന്ന് മുനീറിനൊപ്പം ചേർന്ന് ഇയാളെ പരിചരിക്കാൻ സഹായിച്ചു. ഏകദേശം മൂന്നു മിനിട്ടിനു ശേഷം കൂട്ടത്തിലുണ്ടായിരുന്നൊരാൾ മുനീറിനോട് അകത്തു കയറി നമസ്കാരത്തിൽ പങ്കുചേരാനും ഇയാളെ ഞങ്ങൾ നോക്കിക്കോളാമെന്നും പറഞ്ഞുവത്രേ. നമസ്കാരം കഴിഞ്ഞു വേഗത്തിൽ വന്നു നോക്കിയപ്പോൾ കുഴഞ്ഞു വീണ ആളെയും സഹായത്തിനെത്തിയ ആളുകളെയും അവിടെ കണ്ടില്ല. ആശുപത്രിയിൽ കൊണ്ടുപോയി കാണുമെന്ന് ധരിച്ചെങ്കിലും പിന്നീടാണ് പോക്കറ്റിലുണ്ടായിരുന്ന പേഴ്സ് നഷ്ടപ്പെട്ടത് അറിയുന്നത്. പള്ളിയിൽ തിരയുന്നതിനിടെ യാണ് മറ്റു രണ്ടു ആളുകൾക്ക് കൂടി ഇത്തരം അനുഭവമുണ്ടായതായി തൊഴിലാളികൾ പറയുന്നത്. അസൂഖം അനുഭവിച്ച് പണം തട്ടാൻ വന്ന കവർച്ചാസംഘമാണെന്ന് മനസ്സിലായതോടെ മുനീർ ബർ ദുബൈ പോലീസിൽ പരാതി നൽകി. ഹൃദയസ്തംഭനം സംഭവിച്ചതാണെന്ന ധാരണയിലാണ് പെട്ടെന്ന് സഹായത്തിനിറങ്ങിയതെന്ന് മുനീർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. കാണാൻ സുമുഖനായ യുവാവ് പാകിസ്താനിയോ ഇറാനിയോ ആണെന്നാണ് മുനീറിെൻറ സംശയം. എമിറേറ്റ്സ് ഐ.ഡി, യു.എ.ഇ ഡ്രൈവിങ് ലൈസൻസ്, എ.ടി.എം കാർഡുകൾ, കമ്പനി എമിഗ്രെഷൻ കാർഡ് എന്നിവയാണ് പണത്തിനു പുറമെ നഷ്ടപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.