അൽഐൻ: അൽഐനിലെ കൃഷിത്തോട്ടത്തിലും പരിസരങ്ങളിലും ഏതാനും ആഴ്ചകളായി ചിത്രീകരണം പുരോഗമിക്കുന്ന ‘സ്വൈഹാനിലെ പൂച്ചക്കുട്ടി’ ചലച്ചിത്രത്തിെൻറ സെറ്റ് മലയാളത്തിെൻറ പ്രിയ സംഗീതജ്ഞനും ചിത്രത്തിലെ പ്രധാന ഗായകനുമായ വിദ്യാധരൻ മാസ്റ്റർ സന്ദർശിച്ചു. ചലച്ചിത്രത്തിെൻറ സംവിധായകൻ റഷീദ് പാറക്കൽ രചനയും ശിവറാം സംഗീതവും നിർവഹിച്ച് വിദ്യാധരൻ മാസ്റ്റർ ആലപിച്ച ഗാനം ‘മഴ ചാറും ഇടവഴിയിൽ...’ കേൾപ്പിച്ചുകൊണ്ടാണ് ചലച്ചിത്രത്തിെൻറ അണിയറ പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്. ഗാനം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇതുവരെ ചലച്ചിത്രം കൈകാര്യം ചെയ്യാത്ത ഗൾഫ് പ്രവാസത്തിെൻറ വ്യത്യസ്തമായ വശം അവതരിപ്പിക്കുകയാണ് ഈ ചിത്രമെന്നും പുതുമുഖ നായകൻ ആനന്ദ് റോഷൻ ഉൾപ്പെടെ നടീനടന്മാർ കാമറക്കു മുന്നിൽ ജീവിക്കുകയാണെന്നും വിദ്യാധരൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
ചിത്രീകരണം നടക്കുന്ന അതേ കൃഷിത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന വർഷങ്ങളിൽ മലയാളം കേൾക്കാൻ കൊച്ചു റേഡിയോ കാതോടമർത്തി ചുറ്റിക്കെട്ടിയിരുന്ന അറബിത്തൂവാലയാണ് താൻ ഇപ്പോൾ സംവിധായക തൊപ്പിക്ക് പകരം അണിഞ്ഞിരിക്കുന്നതെന്ന് ചിത്രത്തിെൻറ കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംവിധാനം എന്നിവ നിർവഹിക്കുന്ന റഷീദ് പാറക്കൽ പറഞ്ഞു. തക്കാളിത്തോട്ടത്തിൽ കഠിന ജോലി ചെയ്യേണ്ടിവന്ന സ്വന്തം പ്രവാസകാലം സമീർ എന്ന നായകകഥാപാത്രത്തിെൻറ ജീവിതത്തിലൂടെ ആവിഷ്കരിക്കുകയാണ് റഷീദ്. മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആനന്ദ് റോഷന് പുറമെ ഇന്ദ്രൻസ് അടക്കമുള്ള താരങ്ങളോടൊപ്പം പ്രവാസീ പ്രതിഭകളായ അഷ്‌റഫ് കിരാലൂർ, കെ.കെ. മൊയ്തീൻ കോയ, ജി.കെ. മാവേലിക്കര, ബഷീർ സിൽസില, ഷാജഹാൻ ഒറ്റത്തയ്യിൽ, അഷറഫ് പിലാക്കൽ, മെഹ്ബൂബ്, രാജു തോമസ്, ഷാനവാസ്, ഷാനു, പ്രജീപ് ചന്ദ്രൻ എന്നിവരും അഭിനയിക്കുന്നു. പുതുമുഖങ്ങളായ അനഘ സജീവ്, ഫിദ, ശൈഖ സലിൻ എന്നിവരാണ് സ്ത്രീവേഷങ്ങൾ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.