അബൂദബി: വില്ല സന്ദർശകരുടെ പാർക്കിങ് പെർമിറ്റ് സമയത്തിൽ മാറ്റം വരുത്തിയതായി അബൂദബി ഗതാഗത വകുപ്പ് അറിയിച്ചു. ഞായർ മുതൽ വ്യാഴം വരെ പുലർച്ചെ രണ്ട് മുതൽ രാവിലെ ആറ് വരെയാണ് പാർക്കിങ് പെർമിറ്റ് സമയം. നേരത്തെ എട്ട് മണിക്കൂറുണ്ടായിരുന്നത് നാല് മണിക്കൂറായാണ് കുറച്ചത്. അതേസമയം, വെള്ളി, ശനി ദിവസങ്ങളിലും ഒൗദ്യോഗിക അവധി ദിനങ്ങളിലും വില്ല സന്ദർശകർക്ക് സൗജന്യ പാർക്കിങ് അനുവദിച്ചു. വില്ല സന്ദർശകർക്കുള്ള പാർക്കിങ് പെർമിറ്റ് സംവിധാനത്തിലെ പുതിയ സേവനങ്ങളും ഗതാഗത വകുപ്പ് പ്രഖ്യാപിച്ചു. റെസിഡൻറ് പാർക്കിങ് പെർമിറ്റ് ഉടമകൾക്ക് സ്വന്തം ഫോൺ നമ്പറിന് പുറമെ മൂന്ന് ഫോൺ നമ്പറുകൾ കൂടി രജിസ്റ്റർ ചെയ്യാൻ സാധിക്കും.
അതു വഴി ഇൗ ഫോണുകളിൽനിന്നെല്ലാം പാർക്കിങ് പെർമിറ്റ് അപേക്ഷ എസ്.എം.എസ് ചെയ്യാൻ സാധിക്കും. വില്ല സന്ദർശക പാർക്കിങ് സംവിധാനത്തിന് കീഴിൽ റെസിഡൻറ് പാർക്കിങ് പെർമിറ്റ് ഉടമകൾക്ക് രണ്ട് സാഹചര്യങ്ങളിൽ പെർമിറ്റ് അപേക്ഷ സമർപ്പിക്കാം. വിവാഹമോ മറ്റേതെമങ്കിലും തരത്തിലുള്ള ഒത്തുചേരലോ ആണ് ഇതിൽ ഒന്നാമത്തേത്. ഇത്തരം സാഹചര്യങ്ങളിൽ 80088888 നമ്പറിൽ വിളിച്ച് സന്ദർശകർക്കുള്ള പാർക്കിങ് പെർമിറ്റിന് അപേക്ഷ നടത്താം. രണ്ടാമത്തേത് സാധാരണ സന്ദർശക പെർമിറ്റാണ്. ഇതിന് റെസിഡൻറ് പാർക്കിങ് പെർമിറ്റ് ഉടമകൾക്ക് രജിസ്റ്റർ ചെയ്ത ഫോണിൽനിന്ന് ടെക്സ്റ്റ് മെസേജ് ചെയ്യാം. സിറ്റി കോഡ്, പ്ലേറ്റ് കോഡ്, സെക്ടർ നമ്പർ, പാർക്കിങ്ങിന് ആവശ്യമായ മണിക്കുറുകൾ എന്നിവ ഉൾപ്പെടുത്തി 3009 നമ്പറിലേക്കാണ് സന്ദേശമയക്കേണ്ടത്. അപേക്ഷ സമർപ്പിച്ച ശേഷം പുലർച്ചെ രണ്ടിനും രാവിലെ ആറിനും ഇടയിൽ പരമാവധി നാല് മണിക്കുറായിരിക്കും അനുവദിക്കുക. വിദേശികൾക്ക് മണിക്കൂറിന് രണ്ട് ദിർഹമാണ് പാർക്കിങ് ഫീസ്. സ്വദേശികൾക്ക് സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.