ഷാർജ: യു.എ.ഇയുടെ ആകാശമാകെ രാവും പകലും ഇന്ന് വിമാനങ്ങളാണ്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാന മേഖല. എന്നാൽ ഈ ആകാശ കുതിപ്പിലേക്ക് രാജ്യത്തെ നയിച്ച ആദ്യ വിമാനത്താവളത്തിെൻറ കഥ വള്ളിപുള്ളി തെറ്റാതെ അറിയണമെങ്കിൽ ഷാർജ കിങ് അബ്ദുൽ അസീസ് റോഡിന് സമീപത്ത് സ്ഥിതി ചെയ്യുന്ന അൽ മഹത്ത മ്യൂസിയത്തിൽ പോയാൽ മതി. ഈ മ്യൂസിയമായിരുന്നു 1977 വരെ ഷാർജയിലെ വിമാനത്താവളം. ഗൾഫ് മേഖലയിലെ ആദ്യ വിമാനത്താവളത്തിന് 88 വയസും ആദ്യ വിമാനം ഇറങ്ങിയതിെൻറ 86ാം വാർഷികവും പൂർത്തിയായത് ഈ മാസം അഞ്ചിനാണ്. 1930ൽ ബ്രിട്ടിഷുകാരാണ് ഷാർജയിൽ വിമാനതാവളം നിർമിച്ചത്.
1932 ഒക്ടോബർ അഞ്ചിന് ബ്രിട്ടിഷ് ഇംപിരിയൽ കമ്പനിയുടെ 16 പേർക്കിരിക്കാവുന്ന, മുന്നിൽ രണ്ട് ടയറും പിറകിൽ ഒരു ടയറുമുള്ള ഹനോ വിമാനം ഷാർജ കിങ് അബ്ദുൽ അസീസ് റോഡിൽ (അന്നത്തെ റൺവേ) പറന്നിറങ്ങി. ഷാർജ പട്ടണത്തിൽ കെട്ടിടങ്ങൾ മുളച്ച് പൊന്തുന്നതിന് എത്രയോ വർഷങ്ങൾക്ക് മുമ്പാണ് യന്ത്ര പക്ഷി ഷാർജയിൽ പറന്നിറങ്ങിയത്. വിമാനത്താവളത്തിലേക്ക് വെള്ളം ചുമന്നത് കഴുതകളായിരുന്നു. റേഡിയോ മുറിയിൽ വിമാനം വരുന്നതുമായി ബന്ധപ്പെട്ട സന്ദേശം എത്തുന്നതോടെ, സിഗ്നൽ നൽകുവാനുള്ള വിളക്ക് ഘടിപ്പിച്ച ഉന്ത് വണ്ടിയുമായി ജോലിക്കാർ സജീവമാകുന്നു. യാത്രക്കാർക്കിറങ്ങി വരുവാനുള്ള ഗോവണിയും തള്ളിയാണ് കൊണ്ട് പോയിരുന്നത്. ഷാർജയുടെ സ്വന്തം വിമാന കമ്പനിയായ എയർ അറേബ്യ ജനിക്കുന്നതിന് മുമ്പ് ഗൾഫ് എവിയേഷൻ എന്ന കമ്പനിയായിരുന്നു പ്രവർത്തിച്ചിരുന്നത്.
ഇതിെൻറ അസൽ വിമാനങ്ങൾ മ്യൂസിയത്തിലെ ഹാങ്കറിൽ സൂക്ഷിച്ചിട്ടുണ്ട്. ആദ്യമായെത്തിയ ഹനോ വിമാനത്തിെൻറ യഥാർഥ വലുപ്പത്തിലുള്ള മാതൃകയും ഇവിടെയുണ്ട്. അക്കാലത്ത് ഉപയോഗിച്ചിരുന്ന ടെലിഫോൺ, കാലാവസ്ഥ രേഖപ്പെടുത്തിയിരുന്ന പുസ്തകം, വിമാനങ്ങളുടെ പോക്ക് വരവുകൾ സംബന്ധിച്ച രേഖകൾ, ഉദ്യോഗസ്ഥർ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, സിഗ്നൽ നൽകാൻ ഉപയോഗിച്ചിരുന്ന വിളക്കുകൾ, റേഡിയോ സംവിധാനം, ഇപ്പോഴും പ്രവർത്തിക്കുന്ന റോൾസ് റോയ്സ് കമ്പനിയുടെ വിമാന എൻജിൻ തുടങ്ങിയവയെല്ലാം വളരെ കൃത്യമായ വിവരണങ്ങൾ സഹിതമാണ് അൽ മഹത്തയിൽ സൂക്ഷിച്ചിട്ടുള്ളത്. വിമാന താവളത്തിലെ മാനേജരുടെ മുറി അതേ രീതിയിൽ നിന്ന് മാറ്റിയിട്ടേയില്ല. തുമ്പിയിൽ നിന്ന് തുടങ്ങുന്ന പറക്കൽ ആകാശ ഗംഗയുടെ വിവിധ മേഖലയിലേക്ക് കുതിക്കുന്ന കാഴ്ച്ചകളുടെ വസന്തവും അക്കമിട്ട് നിരത്തിയിട്ടുണ്ട്. വിമാന താവളം നിർമിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകിയത് അന്നത്തെ ഷാർജ ഭരണാധികാരിയായ ശൈഖ് സുൽത്താൻ ബിൻ സാഖർ അൽ ഖാസിമിയായിരുന്നു. 800 ഇന്ത്യൻ രൂപയായിരുന്നു പ്രതിമാസ വാടക. ഓരോ തവണയും വിമാനം വന്നിറങ്ങുന്നതിനും പോകുന്നതിനും അഞ്ച് രൂപയും അധികമായി നിശ്ചയിച്ചിരുന്നു.
അൽ മഹത്തയിൽ എത്തിയാൽ ഇതെല്ലാം വ്യക്തമായി മനസിലാക്കാം. സ്ട്രാൻഡ് ഫിലീംസ് ഇംപിരിയൽ എയർവേഴ്സുമായി സഹകരിച്ച് നിർമിച്ച ചലച്ചിത്രം മഹത്തയിലെ തിയ്യറ്ററിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഈ ചലച്ചിത്രം യൂടുബിലും കാണാൻ സാധിക്കും. അൽ മഹത്ത വിമാനത്താവളത്തിെൻറ കഥ അറിയണമെങ്കിൽ ഈ ചലച്ചിത്രം കണ്ടാലും മതി. എന്നാൽ കാര്യങ്ങൾ വള്ളിപുള്ളി തെറ്റാതെ അറിയണമെങ്കിൽ അൽ മഹത്ത മുത്തശ്ശിയുടെ അടുത്ത് തന്നെ പോകണം. ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് ഇന്ധനം നിറക്കുവാനും യാത്രക്കാർക്ക് വിശ്രമിക്കാനുമായാണ് വിമാനത്താവളം വന്നതെങ്കിലും തപാൽ ഉൾപ്പെടെയുള്ള മേഖലകളുടെ വികസനത്തിന് വലിയ പങ്കാണ് വിമാനതാവളം വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.