ദുബൈ: പ്രളയദുരിതാശ്വാസം അർഹരായ ആളുകളിൽ എത്തുന്നതിൽ കാലതാമസം വരുന്ന പശ്ചാത്തലത്തിൽ യു.എ.ഇ കെ.എം.സി.സി സ്വരൂപിച്ച് നാട്ടിലേക്കയക്കുന്ന ദുരിതാശ്വാസ സാമഗ്രികൾ നികുതിയടച്ച് ഏറ്റെടുത്ത് ദുരിതബാധിത മേഖലകളിൽ വിതരണം ചെയ്യാൻ തീരുമാനിച്ചു. കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ഉൾപ്പെടെ 35 ടൺ സാമഗ്രികൾ വ്യാഴാഴ്ച അയച്ചതായും യു.എ.ഇ. കെ.എം.സി.സി. ജനറൽസെക്രട്ടറി ഇബ്രാഹിം എളേറ്റിൽ,കോഴിക്കോട് ജില്ലാ പ്രസിഡൻറ് ഇസ്മായിൽ ഏറാമല എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നേരത്തേ ദുബൈ കെ.എം.സി.സി സമാഹരിച്ച 20 ടൺ സാമഗ്രികൾ നാട്ടിലെത്തിച്ചിരുന്നു. സഹജീവികളോട് പ്രവാസി സമൂഹം പുലർത്തുന്ന െഎക്യദാർഢ്യത്തിെൻറയും സ്നേഹത്തിെൻറയും തെളിവായിരുന്നു ഇവിടെ നിന്ന് ടൺ കണക്കിന് ദുരിതാശ്വാസ സാമഗ്രികൾ സ്വരൂപിച്ചയക്കാൻ കാണിച്ച ഉൽസാഹം. എന്നാൽ സർക്കാർ നടപടികളുടെ നൂലാമാലകളിൽ കുടുങ്ങി ഇവ ദുരിതബാധിതരിൽ എത്താതെ കെട്ടിക്കിടക്കുകയാണ്. ആദ്യ ഉരുൾപൊട്ടലുണ്ടായ കട്ടിപ്പാറ, കണ്ണപ്പൻകുണ്ട് തുടങ്ങിയ സ്ഥലങ്ങളിലൊന്നും ഇനിയും സർക്കാർ ദുരിതാശ്വാസം എത്തിയിട്ടില്ല.
മത^രാഷ്ട്രീയ പരിഗണനകളോ മുൻവിധിയോ ഇല്ലാതെ യഥാർഥ അവകാശികൾക്ക് യഥാസമയം സഹായം എത്തിക്കാനാണ് കെ.എം.സി.സി ലക്ഷ്യമിടുന്നത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുസ്ലിം ലീഗ് സംസ്ഥാന സമിതി രൂപവത്കരിച്ച ഫണ്ടിലേക്ക് ആയിരത്തോളം ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രവർത്തകരിൽ നിന്ന് ഒരു ദിവസത്തെ വേതനം വഴി 25 ലക്ഷം രൂപ സമാഹരിച്ചു. ഇൗ തുകയും കോഴിക്കോട് സി.എച്ച്. സെൻററിനു വേണ്ടി സ്വരൂപിച്ച തുകയും 28ന് ദുബൈയിൽ നടക്കുന്ന സി.എച്ച്. അനുസ്മരണ പരിപാടിയിൽ വെച്ച് കൈമാറും. ജില്ലാ ആക്റ്റിംഗ് ജനറൽ സെക്രട്ടറി മൂസകൊയമ്പ്രം, ട്രഷറർ നജീബ്തച്ചംപൊയിൽ, അഡ്വ: സാജിദ് അബൂബക്കർ, നാസർ മുല്ലക്കൽ, കെ. അബൂബക്കർ മാസ്റ്റർ, മൊയ്തു അരൂർ, തെക്കയിൽ മുഹമ്മദ്, ഉമ്മർ കോയ നടുവണ്ണൂർ, കെ.പി. മൂസ്സ, ഇസ്മായിൽ ചെരുപ്പേരി എന്നിവർവാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.