ദുബൈ: നഗരത്തിലുടനീളം ഗുൽമോഹർ വസന്തം തീർക്കാൻ ഒരുങ്ങി ദുബൈ. നഗരങ്ങൾ, പാർക്കുകൾ, താമസ മേഖലകൾ, വിനോദയിടങ്ങൾ, പ്രധാന ജങ്ഷനുകൾ, കമ്യൂണിറ്റി മജ്ലിസുകൾ തുടങ്ങി എമിറേറ്റിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ഗുൽമോഹർ മരങ്ങൾ വെച്ചുപിടിപ്പിക്കാൻ ദുബൈ മുനിസിപ്പാലിറ്റിയോട് നിർദേശിച്ചിരിക്കുകയാണ് ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശം അനുസരിച്ചാണ് തീരുമാനമെന്ന് എക്സ് എകൗണ്ടിൽ ഗുൽമോഹർ സീസൺ അടയാളപ്പെടുത്തുന്ന അനിമേഷൻ വീഡിയോ പങ്കുവെച്ച് കൊണ്ട് ശൈഖ് ഹംദാൻ പറഞ്ഞു. വേനൽക്കാലത്ത് പൂക്കുകയും വസന്തം കഴിയുന്നതോടെ ഇല പൊഴിക്കുകയും ചെയ്യുന്ന ഒരു മരമാണ് അലസിപ്പൂമരം അഥവാ ഗുൽമോഹർ. ഇംഗ്ലീഷിൽ ഫ്ലേം ട്രീ എന്ന് അറിയപ്പെടുന്ന ഗുൽമോഹർ വേനൽ കാലത്തിന്‍റെ തുടക്കത്തിൽ ദുബൈ നഗരത്തിലെ പ്രധാന കാഴ്ചയാണ്.
എങ്ങും പൂക്കൾ വിരിഞ്ഞ് നിൽക്കുന്ന ഗുൽമോഹർ മരങ്ങൾ കാണാൻ പ്രത്യേക ഭംഗിയാണ്. ഏപ്രിൽ അവസാനത്തോടെ പൂക്കുന്ന ഗുൽമോഹറുകൾ ജൂലൈ അവസാനം വരെ നിലനിൽക്കാറുണ്ട്. പൂർണ വളർച്ചയെത്തിയ മരങ്ങൾക്ക് ഒമ്പത് മുതൽ 12 മീറ്റർ വരെ ഉയരമുണ്ടാകും. 12 മുതൽ 15 മീറ്റർ വരെ വീതിയിൽ വിടർന്നു നിൽക്കുന്ന ഇതിന്‍റെ ശിഖിരങ്ങൾ കനത്ത ചൂടിൽ പാർക്കുകളിലും തുറസ്സായ സ്ഥലങ്ങളിലും വലിയ രീതിയിൽ തണലേകും.
നിലവിൽ റോഡരികിലും പാർക്കുകളിലും പൊതു സ്ഥലങ്ങളിലുമായി ഏതാണ്ട് 50,000 ഗുൽമോഹർ മരങ്ങൾ വെച്ചുപിടിപ്പിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു. പുതിയ മരങ്ങൾ വെച്ചുപിടിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ദുബൈ മുനിസിപ്പാലിറ്റി വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ ചൂട് കുറക്കുക, പച്ചപ്പ് വർധിപ്പിക്കുക വർഷം മുഴുവൻ നഗരത്തെ കൂടുതൽ ജനവാസ യോഗ്യമാക്കി നിലനിർത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നോട്ടുവെക്കുന്ന ദുബൈയുടെ വിശാലമായ നഗര സുസ്ഥിരത നയങ്ങളുടെ ഭാഗമായാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.