അബൂദബി: കടലിൽ സ്വയം നിയന്ത്രണ നിരീക്ഷണ ബോട്ടിന്‍റെ പരീക്ഷണ ഓട്ടത്തിന് തുടക്കമിട്ട് അബൂദബി. സമുദ്ര മേഖലയിൽ സ്മാർട്ട് ഗതാഗത സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി അബൂദബി സംയോജിത ഗതാഗത കേന്ദ്രം (ഐ.ടി.സി) ആണ് 23 അടി നീളമുള്ള സ്വയം നിയന്ത്രിത നിരീക്ഷണ ബോട്ട് പരീക്ഷിച്ചത്.
അബൂദബി നിക്ഷേപ ഓഫിസ്, ബ്ലൂ ഗള്‍ഫ് ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ച് അബൂദബി ഇന്‍റിലിജന്‍റ് സിസ്റ്റംസ് കൗണ്‍സിലിന്‍റെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണം. മുസഫ പോലുള്ള കടൽതീര നിയന്ത്രണ കേന്ദ്രങ്ങളില്‍ നിന്നാണ് സ്വയം നിയന്ത്രണ കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കുക. ഇതിലൂടെ സമുദ്രമേഖലയിലെ പ്രവര്‍ത്തനങ്ങളുടെ തത്സമയ നിരീക്ഷണം സാധ്യമാകും. എമിറേറ്റിലെ സ്മാര്‍ട്ട് മൊബിലിറ്റി അന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
അബൂദബി മാരിടൈമുമായി സഹകരിച്ച് ജലപാതകളിലെ നിരീക്ഷണവും നിയമം നടപ്പാക്കലും ശക്തിപ്പെടുത്താൻ സ്വയംനിയന്ത്രിത ബോട്ടുകൾ കൂടുതൽ സഹായകമാവുമെന്നാണ് വിലയിരുത്തൽ. സമുദ്ര സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി നിര്‍മിത ബുദ്ധിയെയും സ്വയംനിയന്ത്രിത സംവിധാനങ്ങളെയും സമന്വയിപ്പിച്ച് 2026ഓടെ സ്മാര്‍ട്ട് മൊബിലിറ്റിയുടെയും നവീകരണത്തിന്‍റെയും ആഗോള കേന്ദ്രമാക്കി അബൂദബിയെ മാറ്റുകയാണ് ലക്ഷ്യം.
2025ന്‍റെ അവസാനത്തിൽ അഡ്‌നോക് ലോജിസ്റ്റിക്‌സ് ആന്‍ഡ് സര്‍വീസസ് ആദ്യ നിര്‍മിത ബുദ്ധി സ്വയം നിയന്ത്രിത കപ്പലുകള്‍ രാജ്യത്ത് അവതരിപ്പിച്ചിരുന്നു. നൂതന റഡാറുകളും കാമറാ സംവിധാനങ്ങളും ഘടിപ്പിച്ച നിരീക്ഷണ, പ്രതിരോധ ബോട്ടായ ഹൈഡ്രയെ അല്‍സീര്‍ മറൈനും അവതരിപ്പിച്ചിരുന്നു. എഡ്ജി ഗ്രൂപ്പിന്‍റെ ഭാഗമായ അബൂദബി ഷിപ് ബില്‍ഡിങ്ങും നൂതനമായ പട്രോളിങ്, പ്രതിരോധ കപ്പലുകള്‍ നിര്‍മിച്ചുവരികയാണ്.
സമുദ്ര സുരക്ഷയും നിരീക്ഷണവും ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് യുമെക്‌സ് ഈ വർഷം തുടക്കത്തിൽ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ച ആളില്ലാ ജലോപരിതല കപ്പലുകളും പ്രദര്‍ശിപ്പിച്ചിരുന്നു. ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കി പരിശോധനകളും പൊതുജന അവബോധവും ശക്തിപ്പെടുത്തുന്നതിനായി അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയും അബൂദബി ഹസാര്‍ഡസ് മെറ്റീരിയല്‍സ് മാനേജ്‌മെന്‍റ് കേന്ദ്രവും സേഫ്റ്റി പട്രോള്‍, റഖീബ് പട്രോള്‍ എന്നിവയ്ക്കു തുടക്കം കുറിച്ചിരുന്നു. പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും ജലപാതകളുടെയും തീരദേശ അടിസ്ഥാന സൗകര്യങ്ങളുടെയും സുസ്ഥിര സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള നയങ്ങളുടെ ഭാഗമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.