ദുബൈ: യു.എ.ഇയിൽ വിമാന സർവിസുകൾ പൂർണമായും സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ) അറിയിച്ചു. യു.എസ്-ഇറാൻ യുദ്ധ സാഹചര്യത്തിൽ സുരക്ഷ മുൻകരുതലിന്‍റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന താൽക്കാലിക നിയന്ത്രണങ്ങൾ അതോറിറ്റി പിൻവലിച്ചു.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അതോറിറ്റി ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതോടെ യു.എ.ഇയിലെ മുഴുവൻ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവിസുകളും പുനരാരംഭിക്കും. കൂടാതെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിമാന കമ്പനികൾക്ക് യു.എ.ഇയുടെ വ്യോമപാത തടസ്സമില്ലാതെ ഉപയോഗിക്കുകയും ചെയ്യാം.
65 ശതമാനം സർവിസുകളാണ് നിലവിൽ നടത്തുന്നതെന്ന് എമിറേറ്റ്സ് എയർലൈൻസ് പ്രസിഡന്‍റ് സർ ക്ലാർക്കിനെ ഉദ്ധരിച്ച് മീഡിയ ഓഫിസ് റിപോർട്ട് ചെയ്തു. ഇത്തിഹാദ് 80 ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവിസ് നടത്തി വരുന്നുണ്ട്. ഇത് 100 ശതമാനത്തിലേക്കെത്തുമെന്നാണ് സൂചന.
അതേസമയം, വിമാന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും തത്സമയ നിരീക്ഷണം തുടരുമെന്ന് അതോറിറ്റി ഉറപ്പുനൽകി. സർവിസുകൾ പുനഃസ്ഥാപിച്ചെങ്കിലും, വിമാന സമയങ്ങളിൽ മാറ്റമുണ്ടോ എന്ന് പരിശോധിക്കാൻ യാത്രക്കാർ അതാത് എയർലൈനുകളുമായി ബന്ധപ്പെടുന്നത് ഉചിതമായിരിക്കും.
മേഖലയിലെ വ്യോമയാന സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും ഏറ്റവും ഉയർന്ന സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് സർവിസുകൾ പുനരാരംഭിച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു. യുദ്ധ സാഹചര്യത്തിൽ ഫെബ്രുവരി 28 മുതലാണ് യു.എ.ഇ വ്യോമപാത അടച്ചത്.
തുടർന്ന് മാർച്ച് മുതൽ ബദൽ പാതയിലൂടെയായിരുന്നു വിമാന സർവിസുകൾ ഭാഗികമായി നടന്നുവന്നിരുന്നത്. മണിക്കൂറിൽ 40 വിമാനങ്ങൾ മാത്രമായിരുന്നു ഈ പാത വഴി സർവിസ് നടത്തിയിരുന്നത്. വ്യോമപാത പൂർണമായും തുറന്നെങ്കിലും ഇന്ത്യൻ വിമാന കമ്പനികളുടെ ഭാഗത്ത് നിന്ന് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ ഇന്ത്യൻ വിമാന കമ്പനികൾ ഭാഗികമായി മാത്രമാണ് സർവിസ് നടത്തുന്നത്.
ജൂൺ അവസാനം മുതൽ യു.എ.ഇയിൽ സ്കൂൾ അവധി ആരംഭിക്കാനിരിക്കെ വിമാന സർവിസുകൾ പൂർണതോതിലേക്ക് തിരിച്ചെത്തുന്നത് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ആശ്വാസമാകും. നിലവിൽ ടിക്കറ്റ് നിരക്കിൽ വൻ വർധനവാണ് വിമാന കമ്പനികൾ വരുത്തിയിരിക്കുന്നത്. കൂടുതൽ സർവിസുകൾ ആരംഭിക്കുന്നതോടെ ഇതിലും മാറ്റം വരുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.