ജി.ഡി.ആർ.എഫ്.എ പുറത്തിറക്കിയ ബ്രോഷർ
ദുബൈ: മേയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് ദുബൈയിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ആണ് സംഘാടകർ. തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും ജീവിതനിലവാരവും കൂടുതൽ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പരിപാടികൾ. ദുബൈ പെർമനന്‍റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സ് സഹകരണത്തോടെയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
മേയ് ഒന്നിന് വൈകിട്ട് നാലു മുതൽ ആറുവരെ പ്രധാന പരിപാടികൾ അരങ്ങേറും. തൊഴിലാളികൾക്ക് നേരിട്ടും വെർച്വൽ പ്ലാറ്റ്‌ഫോമുകളിലൂടെയും പങ്കാളികളാകാം. ‘ബ്ലൂ കണക്ട്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്ത് പരിപാടിയിൽ പങ്കെടുക്കാനും നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്. ആൻഡ്രോയ്ഡിലും ആപ്പിൾ സ്റ്റോറിലും ആപ്പ് ലഭ്യമാണ്.
ആഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ പ്രത്യേക വിനോദ-കായിക പരിപാടികളും സംഘടിപ്പിക്കും. മികച്ച സേവനം കാഴ്ചവെയ്ക്കുന്ന തൊഴിലാളികളെ നേരിട്ട് സന്ദർശിച്ച് ആദരിക്കുന്ന ‘റെക്കഗ്നിഷൻ വിസിറ്റുകൾ’ ആണ് ഈ വർഷത്തെ പ്രധാന ആകർഷണം. ഇതിന് പുറമെ നൂറിലധികം വിലപിടിപ്പുള്ള സമ്മാനങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക നറുക്കെടുപ്പും നടക്കും.
ദുബൈയുടെ വലിയ നേട്ടങ്ങൾക്ക് പിന്നിൽ തൊഴിലാളികളുടെ വലിയ പങ്കുണ്ടെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ അസിസ്റ്റന്‍റ് ഡയറക്ടറും പി.സി.എൽ.എ ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.
തൊഴിലാളികളുടെ ക്ഷേമവും സന്തോഷവും ഉറപ്പാക്കുക എന്നത് സ്ഥാപനങ്ങളുടെ പ്രധാന ഉത്തരവാദിത്തമാണെന്നും ഈ ആഘോഷങ്ങൾ അവരുടെ കഠിനാധ്വാനത്തിനുള്ള ആദരവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷിതവും മാന്യവുമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുന്നതിൽ ദുബൈ എപ്പോഴും മുൻപന്തിയിലാണെന്നും, തൊഴിലാളികൾക്ക് നന്ദി രേഖപ്പെടുത്താനുള്ള മികച്ച അവസരമാണ് ഈ ആഘോഷങ്ങളെന്നും ജി.ഡി.ആർ.എഫ്.എ ലേബർ റിലേഷൻസ് സെക്ടർ അസിസ്റ്റന്‍റ് ഡയറക്ടർ കേണൽ ഉമർ മത്തർ അൽ മുസൈന വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.