അബൂദബി: രാജ്യത്തെ സൈബർ സുരക്ഷ വർധിപ്പിക്കുന്നതിന് ‘എൻക്രിപ്ഷൻ നിയമം’ ഉൾപ്പെടെ മൂന്ന് പുതിയ നിയമങ്ങൾ രൂപവത്കരിക്കാൻ നടപടികൾ ആരംഭിച്ച് യു.എ.ഇ. ഡേറ്റ കൈമാറ്റം സുരക്ഷിതമാക്കാനുള്ള പ്രധാന വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് ‘എൻക്രിപ്ഷൻ നിയമം’. ഈ വർഷം അവസാനത്തോടെ ഈ നിയമം തയാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എ.ഇ സൈബർ സുരക്ഷ കൗൺസിൽ തലവൻ ഡോ. മുഹമ്മദ് ഹമദ് അൽ കുവൈത്തി പറഞ്ഞു. ക്ലൗഡ് കമ്പ്യൂട്ടിങ് ആൻഡ് ഡേറ്റ സെക്യൂരിറ്റി, ഇന്റർനെറ്റ് ഓഫ് തിങ്സ് സെക്യൂരിറ്റി, സൈബർ സെക്യൂരിറ്റി ഓപറേഷൻ സെന്റേഴ്സ് എന്നിവയും പുതിയ നിയമവ്യവസ്ഥകളിൽ ഉൾപ്പെടും. വ്യക്തിപരമായ വിവരങ്ങളും ബിസിനസ് ഡേറ്റകളും ഡിജിറ്റലായി സൂക്ഷിച്ചിരിക്കുന്ന മൊബൈലോ ലാപ്ടോപ്പോ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്യുന്നത് വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച് ഏറെ ആശങ്ക ജനിപ്പിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ഡിജിറ്റൽ ഡേറ്റകളുടെ സംരക്ഷണത്തിനായി പുതിയ നിയമവ്യവസ്ഥകൾ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നത്.
യു.എ.ഇ സെക്യൂരിറ്റി കൗൺസിലിന്റെ അഭിപ്രായപ്രകാരം ഡിജിറ്റൽ ഫയലുകൾ എൻക്രിപ്റ്റ് ചെയ്യുന്നതാണ് ഡേറ്റ സംരക്ഷണത്തിനുള്ള മികച്ച പോംവഴി. സൈബർ ആക്രമണത്തിൽനിന്ന് രക്ഷനേടാൻ എമിറേറ്റ്സ് ഐ.ഡി, പാസ്പോർട്ട്, ബാങ്ക് വിവരങ്ങൾ തുടങ്ങിയ വ്യക്തിപരമായ രേഖകൾ എൻക്രിപ്റ്റ് ചെയ്യുകയെന്നതാണ് പുതിയ രീതി. കമ്പ്യൂട്ടറുകളിലോ മൊബൈലിലോ ഉള്ള യഥാർഥ റീഡബ്ൾ ഡേറ്റകളെ ഡീക്രിപ്റ്റ് ചെയ്യാൻ കീവേഡ് ഉള്ളവർക്കു മാത്രം മനസ്സിലാവുന്ന രൂപത്തിലേക്ക് മാറ്റുന്ന പ്രകിയയാണ് എൻക്രിപ്ഷൻ. മികച്ച സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് ഡേറ്റകൾ എൻക്രിപ്റ്റ് ചെയ്യുകയും സ്ഥിരമായി പരിശോധിക്കുകയും ചെയ്യണമെന്ന് സൈബർ സുരക്ഷ കൗൺസിൽ നിർദേശിച്ചു. എൻക്രിപ്റ്റ് ചെയ്യാതെ പ്രധാനമായ വിവരങ്ങൾ അയക്കുന്നത് ഒഴിവാക്കണം. എൻക്രിപ്റ്റ് ചെയ്ത ഡേറ്റകൾ ബാക്കപ്പ് ചെയ്യരുത്. അതോടൊപ്പം ഇ-മെയിൽ പോലുള്ള സുരക്ഷിതമല്ലാത്ത രീതികളിലൂടെ എൻക്രിപ്ഷൻ കീ വേഡുകൾ പങ്കിടരുതെന്നും അധികൃതർ ഓർമിപ്പിച്ചു. ഡേറ്റ ചോർച്ചയിൽനിന്ന് വ്യവസായ സ്ഥാപനങ്ങളെയും അവരുടെ സാമ്പത്തിക വിവരങ്ങളെയും സംരക്ഷിക്കുകയെന്നതാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.