കുഞ്ഞുങ്ങളെ പൂട്ടിയിട്ട്  ഷോപ്പിങ് അരുതേ...

ദുബൈ: മാതാപിതാക്കളുടെ അശ്രദ്ധയും അവഗണനയും മൂലം വാഹനങ്ങളില്‍ കുടുങ്ങി ദുരിതപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് തുണയേകി ദുബൈ പൊലീസ്. ഒരാഴ്ചക്കിടെ ഏഴുകുട്ടികളെയാണ് പൊലീസ് വാഹനങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. കുട്ടികളെ വാഹനത്തിനുള്ളില്‍ അടച്ചിട്ട് ഷോപ്പിങ്ങിനോ ചടങ്ങുകള്‍ക്കോ പോകുന്ന മാതാപിതാക്കളില്‍ ചിലര്‍ അക്കാര്യം പാടെ മറന്നുപോകാറാണ്. മാനസിക വിഷമത്തിനു പുറമെ ശ്വാസം പോലും ലഭിക്കാതെ വിഷമത്തിലാവുന്ന കുഞ്ഞുങ്ങളുടെ ജീവന്‍പോലും അപകടപ്പെടാവുന്ന സാഹചര്യങ്ങളുമുണ്ടാവുന്നുണ്ട്. ഏതാനും മിനിറ്റ് നേരത്തേക്കാണെങ്കില്‍ പോലും കുട്ടികളെ  പൂട്ടിയിട്ടു പോകരുതെന്ന് ദുബൈ പൊലീസിന്‍െറ തെരച്ചില്‍ രക്ഷാ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ അഹ്മദ് ബുര്‍ഖൈബാ ഓര്‍മിപ്പിച്ചു. 
പല മാതാപിതാക്കളും മാപ്പര്‍ഹിക്കാത്ത അനാസ്ഥയും അശ്രദ്ധയുമാണ് കുട്ടികളോട് പുലര്‍ത്തുന്നത്.
കാറിനുള്ളില്‍ കൊച്ചുകുഞ്ഞിരുന്ന് കരയുന്നത് കണ്ട് വഴിയാത്രികര്‍ വിളിച്ചറിയിച്ചതനുസരിച്ച് പൊലീസ് സേനാംഗങ്ങള്‍ എത്തി ചില്ലുപൊട്ടിച്ച് രക്ഷപ്പെടുത്തിയ ശേഷം മാതാവിനെ തെരഞ്ഞുപിടിക്കേണ്ടി വന്നു. 
സുഹൃത്തുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ രണ്ടുവയസുകാരനായ മകന്‍െറ കാര്യം മറന്നുപോയി എന്നായിരുന്നു അവരുടെ  മറുപടി. മാതാപിതാക്കളെ കാത്തിരിക്കുന്ന കുട്ടികര്‍ അബദ്ധത്തില്‍ തിരിച്ച് വാഹനങ്ങളുടെ വാതിലുകള്‍ തുറക്കാനാവാത്ത വിധം അടഞ്ഞുപോകാറുണ്ട്. 
പൂട്ടിയ കാറിന്‍െറ താക്കോല്‍ മാതാപിതാക്കളുടെ കൈയില്‍ നിന്ന് നഷ്ടപ്പെട്ടും കുട്ടികള്‍ കുരുങ്ങിപ്പോയ സംഭവങ്ങളുമുണ്ട്. അടച്ചിടുന്ന സമയത്തിനിടെ കാറിനകത്തെ ഊഷ്മാവ് ഇരട്ടിയിലേറെയാവുന്നതും കുട്ടികളുടെ ജീവന് ഭീഷണിയാണ്. 

Tags:    
News Summary - uae shopping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.