‘വൺ ബില്യൺ റെഡിനസ്’ പദ്ധതി പ്രഖ്യാപന ചടങ്ങിൽ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: ലോകത്താകമാനം 100 കോടി പേർക്ക് അഗ്നിരക്ഷ പരിശീലനം നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് ദുബൈ. ‘വൺ ബില്യൺ റെഡിനസ്’ എന്ന് പേരിട്ട പദ്ധതിയിൽ 34 രാജ്യങ്ങളുമായും 16 സംഘടനകളുമായും കൈകോർത്ത് ലക്ഷ്യം കൈവരിക്കാനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തീപിടിത്തങ്ങളിൽനിന്ന് സുരക്ഷിതരാവാനുള്ള ലോകത്തെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിതെന്ന് ദുബൈ ദുരന്തനിവാരണ ഉന്നതാധികാര സമിതി ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
2025 മുതൽ 2027 വരെയാണ് സംരംഭം നടപ്പാക്കുക. 100 കോടി പേർക്ക് അഗ്നി പ്രതിരോധ നടപടികൾ പരിശീലിപ്പിക്കാനും ബോധവത്കരിക്കാനുമാണ് ലക്ഷ്യമിടുന്നത്. സംരംഭത്തിന്റെ പ്രധാന ഘടകമായ ‘ഹോപ്പ് കോൺവോയ്സ് പദ്ധതി’യിൽ വികസ്വര രാജ്യങ്ങൾക്ക് അത്യാവശ്യ ഉപകരണങ്ങൾ വിതരണം ചെയ്യുകയും അഗ്നിശമന സ്റ്റേഷനുകൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് ശൈഖ് മൻസൂർ വ്യക്തമാക്കി.
ലോകത്താകമാനം വ്യത്യസ്ത ഭാഷകളിൽ ലഭ്യമാകുന്ന പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ സഹായത്തോടെയാണ് പരിശീലനം നൽകുകയെന്ന് ദുബൈ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ജനറൽ ഡയറക്ടർ ലഫ്. ജനറൽ റാശിദ് ഥാനി അൽ മത്റൂഷി പറഞ്ഞു. പ്രാദേശിക തലത്തിൽ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിപുലമായ ബോധവത്കരണ കാമ്പയിനുകളും പദ്ധതിയിൽ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യമേഖല, സ്കൂളുകൾ എന്നിവയിലൂടെ കാമ്പയിൻ സന്ദേശം വ്യത്യസ്ത പ്രേക്ഷകരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയിൽ പങ്കെടുക്കുന്നവർക്ക് 10 ലക്ഷം ദിർഹമും നിസാൻ പട്രോളും ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നേടാനുള്ള അവസരവുമുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. ലോസ് ആഞ്ജലസ് തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് അഗ്നിശമന രീതികളെക്കുറിച്ച് പ്രാഥമിക ബോധവത്കരണം ലക്ഷ്യമാക്കി പദ്ധതി രൂപപ്പെടുത്തിയത്.
ഗ്ലോബൽ വൈൽഡ്ഫയർ മോണിറ്ററിങ് സെന്ററും ദുബൈ സിവിൽ ഡിഫൻസ് റെഡിനസ് പ്രോഗ്രാമും നൽകുന്ന ഇലക്ട്രോണിക് സർട്ടിഫിക്കറ്റ് കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.