പിടികൂടിയ ആംഫെറ്റാമൈൻ ഗുളികകൾ

യു.എ.ഇ-സൗദി സംയുക്ത ഓപറേഷൻ; മയക്കുമരുന്ന് സംഘം പിടിയിൽ

ദുബൈ: സൗദി അറേബ്യയുടെയും യു.എ.ഇയുടെയും സുരക്ഷാ വകുപ്പുകൾ സംയുക്തമായി നടത്തിയ നീക്കത്തിൽ വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 2,67,300 ആംഫെറ്റാമൈൻ ലഹരി ഗുളികകൾ കടത്താനുള്ള ശ്രമമാണ് ഇരുരാജ്യങ്ങളും ചേർന്ന് പരാജയപ്പെടുത്തിയത്. മയക്കുമരുന്ന് കടത്തിന് പിന്നിൽ പ്രവർത്തിച്ച അറബ് പൗരന്മാരായ പ്രതികളെല്ലാം അറസ്റ്റിലായതായി അധികൃതർ അറിയിച്ചു. സൗദി ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ നൽകിയ കൃത്യമായ രഹസ്യവിവരമാണ് ഈ വൻ വിജയത്തിന് വഴിത്തിരിവായത്. ഈ വിവരങ്ങൾ യു.എ.ഇ നാഷനൽ ആൻറി-നാർക്കോട്ടിക് അലയൻസിന് കൈമാറുകയും, തുടർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ മയക്കുമരുന്ന് ശേഖരം പിടികൂടുകയുമായിരുന്നുവെന്ന് സൗദി ആഭ്യന്തര മന്ത്രാലയ സുരക്ഷാ വക്താവ് ബ്രിഗേഡിയർ ജനറൽ തലാൽ ഷൽഹൂബ് വ്യക്തമാക്കി. ലഹരിവസ്തുക്കളുടെ വ്യാപനവും കടത്തും തടയുന്നതിൽ യു.എ.ഇ സുരക്ഷാ വിഭാഗവുമായി നിലനിൽക്കുന്ന ശക്തമായ സഹകരണത്തെ സൗദി വക്താവ് പ്രശംസിച്ചു. അതിർത്തികൾ കടന്നുള്ള ക്രിമിനൽ ശൃംഖലകളെ നേരിടുന്നതിൽ ഇരു സഹോദര രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ ഏകോപനത്തിെൻറയും പരസ്പര പൂരകത്വത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള തത്സമയ വിവരശേഖരണ കൈമാറ്റമാണ് ഈ മയക്കുമരുന്ന് ശേഖരം വിപണിയിൽ എത്തുന്നതിന് മുൻപ് തന്നെ പിടികൂടാൻ സഹായിച്ചതെന്ന് യു.എ.ഇ നാഷനൽ ആൻറി-നാർക്കോട്ടിക് അലയൻസും സ്ഥിരീകരിച്ചു. ഈ കള്ളക്കടത്ത് ശ്രമത്തിന് പിന്നിൽ പ്രവർത്തിച്ച ക്രിമിനൽ ശൃംഖലയിലെ മുഴുവൻ അംഗങ്ങളും വലയിലായെന്നും, പിടിയിലായവരെല്ലാം ഒരു പ്രത്യേക അറബ് രാജ്യത്ത് നിന്നുള്ളവരാണെന്നും യു.എ.ഇ അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - UAE-Saudi Joint Operation: Drug Syndicate Apprehended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.