ഫുജൈറ: യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ദുബൈ ഇന്ത്യൻ കോണ്‍സൽ ജനറല്‍ ഡോ. വിഷ്ണു വർധൻ റെഡ്ഢി എന്നിവർക്ക് യു.എ.ഇയിലെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസി ഭാരതീയരുടെ പ്രഥമ സാംസ്‌കാരിക കേന്ദ്രമായ ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് (ഐ.എസ്.സി) പ്രൗഢോജ്ജ്വലമായ സ്വീകരണവും ആദരവിരുന്നുമൊരുക്കി. കിഴക്കൻ പ്രവിശ്യയിലെ മുഴുവൻ ഇന്ത്യൻ കമ്യൂണിറ്റിയുടെയും വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനാ പ്രതിനിധികളുടെയും സാന്നിധ്യം കൊണ്ട് ചടങ്ങ് ആവേശകരമായി. നൂറുകണക്കിന് പ്രവാസികളാണ് പരിപാടിയിൽ പങ്കെടുക്കാൻ ക്ലബ് ഓഡിറ്റോറിയത്തിലെത്തിയത്.
ഫുജൈറയുടെ സ്വാഭാവിക സൗന്ദര്യത്തെയും ശാന്തമായ അന്തരീക്ഷത്തെയും അംബാസഡർ ഡോ. ദീപക് മിത്തൽ മറുപടി പ്രസംഗത്തിൽ വാനോളം പുകഴ്ത്തി. പ്രകൃതിസുന്ദരവും പ്രശാന്തവുമായ ഫുജൈറയുടെ മണ്ണിൽ, പരസ്പര സ്നേഹത്തോടും ഐക്യത്തോടും കഴിയുന്ന ഇന്ത്യൻ സമൂഹത്തിന്‍റെ ഒരുമ ഏറെ സന്തോഷവും അഭിമാനവും നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ക്ഷേമത്തിനും സർവതോന്മുഖമായ വളർച്ചക്കുമായി നടപ്പാക്കുന്ന എല്ലാവിധ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്‍റെയും പൂർണ പിന്തുണ അംബാസഡറും കോണ്‍സുൽ ജനറലും ഉറപ്പുനൽകി.
ഇന്ത്യൻ കോൺസുലേറ്റിലെ പാസ്‌പോർട്ട് വിഭാഗം കോൺസുൽ ആശിഷ് കുമാർ, പ്രമുഖ വ്യവസായിയും രാവിൻ ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ വിജയ് കാര്യ തുടങ്ങി വ്യവസായ-വാണിജ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ വിശിഷ്ടാതിഥികളായി സംബന്ധിച്ചു. ഐ.എസ്.സി പ്രസിഡന്‍റ് ഡോ. പുത്തൂർ റഹ്മാൻ അധ്യക്ഷത വഹിച്ചു. നിയമിതനായ ശേഷം ആദ്യമായി കിഴക്കൻ പ്രവിശ്യയിലെത്തിയ അംബാസഡറുടെയും, അടുത്തിടെ സ്ഥാനമേറ്റെടുത്ത കോൺസുൽ ജനറലിന്‍റെയും ഒരുമിച്ചുള്ള സാന്നിധ്യം ഫുജൈറയിലെ ഇന്ത്യൻ സമൂഹത്തിനും ഇന്ത്യൻ സോഷ്യൽ ക്ലബിനും വലിയ ആദരവും ആഹ്ലാദവുമാണ് സമ്മാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി സഞ്ജീവ് മേനോൻ സ്വാഗതവും വൈസ് പ്രസിഡന്റ് ജോജി മണ്ഡപത്തിൽ നന്ദിയും പറഞ്ഞു. ഐ.എസ്.സി എക്സിക്യൂട്ടീവ് ഭാരവാഹികളായ അശോക് മൂൽചന്ദാനി, വി.എം. സിറാജ്, വി. സുഭാഷ്, അഡ്വ. മുഹമ്മദാലി, അനീഷ് മുക്കത്ത്, ഇസ്ഹാഖ് പാലായ്, പ്രസാദ് ചിൽമു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അതിഥികൾക്കായി ഒരുക്കിയ വിഭവസമൃദ്ധമായ വിരുന്നോടെയാണ് സ്വീകരണ പരിപാടികൾ സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.