വേനലവധിക്കാല മടക്കയാത്ര; 37 ലക്ഷം യാത്രക്കാരെ സ്വീകരിക്കാനൊരുങ്ങി ദുബൈ വിമാനത്താവളം

ദുബൈ: വേനലവധിക്കാലത്തിന് ശേഷം തിരിച്ചെത്തുന്ന പ്രവാസികളും താമസക്കാരുമായ ലക്ഷക്കണക്കിനാളുകളെ വരവേൽക്കാൻ ഒരുങ്ങി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം സജ്ജമായി. അടുത്ത ദിവസങ്ങളിൽ ഏകദേശം 37 ലക്ഷം യാത്രക്കാരെയാണ് വിമാനത്താവളത്തിൽ പ്രതീക്ഷിക്കുന്നത്. പ്രതിദിനം ശരാശരി 2,22,000 യാത്രക്കാർ ഇവിടെയെത്തുമെന്നാണ് ഔദ്യോഗിക കണക്ക്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മലയാളികൾ ഉൾപ്പെടെയുള്ള നിരവധിപേർ ജോലി ചെയ്യുന്ന സ്ഥലങ്ങളിലേക്ക് മടങ്ങിത്തുടങ്ങും. ആഗസ്റ്റ് 31 നാണ് യു.എ.ഇയിലെ സ്കൂളുകൾ വേനലവധി കഴിഞ്ഞ് തുറക്കുന്നത്.

ഈ തിരക്കിൽ ഏകദേശം 46 ശതമാനം പേർ ദുബൈ വഴി മറ്റ് സ്ഥലങ്ങളിലേക്ക് കണക്റ്റിങ് സർവീസ് ഉപയോഗിക്കുന്ന ‘ട്രാൻസിറ്റ്’ യാത്രക്കാരായിരിക്കുമെന്ന് ദുബൈ എയർപോർട്ട്സ് ചീഫ് ഓപറേറ്റിങ് ഓഫിസർ മാജിദ് അൽ ജോഗർ വ്യക്തമാക്കി. ആളുകളുടെ വലിയ തോതിലുള്ള ഒഴുക്ക് നിയന്ത്രിക്കുന്നതിനും സർവീസുകൾ തടസ്സമില്ലാതെ തത്സമയം ഏകോപിപ്പിക്കുന്നതിനുമായി എയർപോർട്ട് ടീമുകൾ 24 മണിക്കൂറും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഒരേസമയം പതിനായിരങ്ങൾ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന സാഹചര്യത്തിൽ ഇവരുടെ യാത്രാനടപടികൾ സുഗമമാക്കാൻ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ലഗേജ് വിതരണം, ഇമിഗ്രേഷൻ നടപടികൾ, ഗതാഗത സൗകര്യങ്ങൾ എന്നിവ സുഗമമാക്കാൻ വൻ തയാറെടുപ്പുകളാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അടിയന്തര ഓപറേഷൻ മാറ്റങ്ങൾ ഉണ്ടായാൽ ഉടൻ പ്രതികരിക്കാൻ പ്രത്യേക സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം വർധിക്കുന്നത് കാര്യക്ഷമമായി കൈകാര്യം ചെയ്യുക എന്നതിലുപരി, എത്തുന്ന ഓരോ യാത്രക്കാരനും സുഗമവും മികച്ചതുമായ യാത്രാനുഭവം ഉറപ്പാക്കാനാണ് വിമാനത്താവള അധികൃതർ മുൻഗണന നൽകുന്നത്. ബാഗേജ് ക്ലെയിം കൗണ്ടറുകളിലും കൂടുതൽ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

ഓണത്തിന് മുന്നോടിയായി നാട്ടിലേക്ക് പോകുന്ന പ്രവാസികളുടെ എണ്ണവും ഓണം കഴിഞ്ഞ് തിരിച്ചുവരുന്ന പ്രവാസി കുടുംബങ്ങളുടെ എണ്ണവും അടുത്തദിവസങ്ങളിൽ വർധിക്കും. നാട്ടിലെ വിമാനത്താവളങ്ങളിലും ഇതോടെ തിരക്ക് വർധിക്കും. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വിമാനസർവീസുകൾ താളം തെറ്റുന്നത് നാട്ടിലേക്ക് പോകുന്നവരെയും മടങ്ങുന്നവരെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.

Tags:    
News Summary - Dubai Airport prepares to welcome 3.7 million passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.