ദുബൈ ജി.ഡി.ആർ.എഫ്.എയുടെ ‘സമ്മർ ടാലന്‍റ്സ്’ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽനിന്ന്
ദുബൈ: ക്ലാസ് മുറിയിലെ പഠനത്തിനൊപ്പം സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം നേരിട്ടറിയാനും പ്രായോഗിക പരിചയം നേടാനും സ്കൂൾ വിദ്യാർഥികൾക്ക് അവസരമൊരുക്കി ജി.ഡി.ആർ.എഫ്.എ ദുബൈയുടെ ‘സമ്മർ ടാലന്‍റ്സ്’ പദ്ധതി. ദുബൈ സമ്മർ ക്യാമ്പുമായി സഹകരിച്ച് നടന്ന വരുന്ന പദ്ധതി ഫെർജാൻ ദുബൈ ഫൗണ്ടേഷൻ, അൽ അമീൻ സർവീസ്, കമ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റി (സി.ഡി.എ) എന്നിവയുടെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്.
15 വയസ്സും അതിന് മുകളിലും പ്രായമുള്ള ഹൈസ്കൂൾ വിദ്യാർഥികൾക്കായുള്ള മൂന്ന് ആഴ്ചത്തെ പരിശീലനത്തിൽ 12 ദിവസമാണ് വിവിധ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുക്കുന്നത്. ജി.ഡി.ആർ.എഫ്.എയുടെ വിവിധ മേഖലകളിൽ പരിശീലന ശിൽപശാലകളും പ്രായോഗിക പരിശീലനവും ഒരുക്കിയിട്ടുണ്ട്.
സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനരീതി, സേവനവിതരണം, ടീം വർക്ക്, അച്ചടക്കം, ഉത്തരവാദിത്തബോധം തുടങ്ങിയവ നേരിട്ട് മനസ്സിലാക്കാനും സ്വന്തം കഴിവുകളും താൽപര്യങ്ങളും തിരിച്ചറിയാനും പദ്ധതി വിദ്യാർഥികളെ സഹായിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
പരിശീലനത്തിന്റെ ഭാഗമായി വിദ്യാർഥികൾ ദുബൈ വിമാനത്താവളവും സന്ദർശിച്ചു. എയർപോർട്ട് അഫയേഴ്സ് സെക്ടറിന്‍റെ പ്രവർത്തനങ്ങളും യാത്രക്കാരുടെ സഞ്ചാരവും സേവന സംവിധാനങ്ങളും നേരിട്ട് പരിചയപ്പെടാൻ സന്ദർശനം അവസരമൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.