ഫുജൈറ: അൽ ഐനിലും ഫുജൈറയിലുമടക്കം യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ പരക്കെ മഴ ലഭിച്ചു. കിഴക്കൻ, തെക്കൻ മേഖലകളിൽ മഴമേഘങ്ങൾ ശക്തമായതിനെ തുടർന്നാണ് മഴ പെയ്തത്. അൽ ഐനിലെ ഖതം അൽ ശിക്‌ല റോഡിലടക്കം ശക്തമായ മഴ രേഖപ്പെടുത്തിയപ്പോൾ ഫുജൈറയിൽ കാർമേഘങ്ങൾ രൂപപ്പെടുകയും ചെറിയ രീതിയിലുള്ള ചാറ്റൽമഴ അനുഭവപ്പെടുകയും ചെയ്തു.
വരും ദിവസങ്ങളിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. അൽ ഐനിലും കിഴക്കൻ മേഖലകളിലും ഉച്ചക്കുശേഷം മഴ ശക്തമാകാൻ സാധ്യതയുണ്ട്. സാധാരണ ഗതിയിൽ മിതമായ കാറ്റാണ് പ്രതീക്ഷിക്കുന്നതെങ്കിലും മഴമേഘങ്ങൾ രൂപപ്പെടുന്നതോടെ കാറ്റിന്‍റെ വേഗത വർധിച്ചേക്കാം.
തീരദേശങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെയും, ഉൾനാടുകളിലും പർവതനിരകളിലും മണിക്കൂറിൽ 45 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഉൾനാടൻ പ്രദേശങ്ങളിൽ ഉയർന്ന താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. തീരദേശങ്ങളിലും ദ്വീപുകളിലും 37 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയും മലയോര മേഖലകളിൽ 33 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും ഉയർന്ന താപനില. പടിഞ്ഞാറൻ മേഖലകളിൽ രാത്രിയിലും പുലർച്ചെയുമായി അന്തരീക്ഷ ഈർപ്പം ഉയരും.
ശനിയാഴ്ച ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ ഉച്ചക്കുശേഷം മഴമേഘങ്ങൾ രൂപപ്പെടാനും മഴ പെയ്യാനും സാധ്യതയുണ്ട്. താപനിലയിൽ ക്രമേണ വർധനവുണ്ടാകും. ഞായറാഴ്ച മേഘാവൃതമായ കാലാവസ്ഥ തുടരുമെങ്കിലും മഴ മുന്നറിയിപ്പില്ല. തിങ്കളാഴ്ച ഉച്ചയോടെ കിഴക്കൻ മേഖലകളിൽ വീണ്ടും മഴമേഘങ്ങൾ ശക്തമാകാനും ചൊവ്വാഴ്ചയോടെ മഴ ലഭിക്കാനും സാധ്യതയുണ്ട്. അറബിക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കുമെന്നും കടൽയാത്രക്കാർക്ക് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.