അബൂദബി: യു.എ.ഇ രക്തസാക്ഷി സ്മാരകമായ വഹത് അൽ കറാമക്ക് അമേരിക്കൻ വാസ്തുശിൽപ പുരസ്‌കാരം. ആഗോള സാംസ്‌കാരിക നിർമിതികളുടെ വിഭാഗത്തിലാണ് വഹത് അൽ കറാമയെ മികച്ച സൃഷ്ടിയായി തെരഞ്ഞെടുത്തത്. 42ഓളം വിഭാഗങ്ങളിലുള്ള നിർമിതകൾക്കാണ് ഇത്തവണ പുരസ്‌കാരം നൽകിയത്. വിവിധ രാജ്യക്കാരായ 36 വിധികർത്താക്കളുടെ പാനലാണ് സ്മാരകത്തെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. നിർമ്മിതിയിലെ മികവ്, പുതുമ, പ്രവർത്തനം എന്നിവയെല്ലാം പരിഗണിച്ചാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കുന്നത്.
90 മീറ്റർ വലിപ്പത്തിലുള്ള 31ഓളം ശിലാഫലകങ്ങൾ ചേർത്തുവച്ചാണ് വഹത് അൽ കറാമയുടെ നിർമാണം. യു.എ.ഇ സൈനികരുടെ രക്തസാക്ഷിത്വം, കർമരംഗത്തെ സൈനികർ, സൈനികർക്ക് രാഷ്ട്രവും ജനങ്ങളും നൽകുന്ന പിന്തുണ എന്നിവയാണ് ഈ സൃഷ്ടിയിലൂടെ ആവിഷ്കരിക്കുന്നത്. ബ്രിട്ടീഷ് വാസ്തുശിൽപിയായ ഇദ്രീസ് ഖാെൻറ നേതൃത്വത്തിലുള്ള സംഘമാണ് വഹത് അൽ കറാമയുടെ നിർമിതിക്ക് പിന്നിൽ പ്രവർത്തിച്ചത്. പ്രവർത്തനരഹിതമായ യു.എ.ഇ പട്ടാള വാഹനങ്ങളിൽനിന്നെടുത്ത പത്ത് ടണ്ണോളം അലുമിനിയം ഉപയോഗിച്ചാണ് വഹത് അൽ കറാമയിലെ 2800ഓളം പ്ലേറ്റുകളുടെ നിർമാണം.
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ, പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മഖ്‌തും, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുടെ വചനങ്ങളാണ് ഇവയിൽ ആലേഖനം ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.