ദുബൈ: ലോകത്തെ ഏറ്റവും വലിയ കയറ്റുമതി രാജ്യങ്ങളിലൊന്നായി ചരിത്ര നേട്ടം കൈവരിച്ച് യു.എ.ഇ. ലോക വ്യാപാര സംഘടന(ഡബ്ല്യു.ടി.ഒ) പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ യു.എ.ഇ ആഗോള ചരക്ക് കയറ്റുമതിയിൽ ഒമ്പതാം സ്ഥാനവും ഇറക്കുമതിയിൽ 13ാം സ്ഥാനവുമാണ് നേടിയിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം യു.എ.ഇയുടെ ചരക്ക് വ്യാപാരത്തിന്റെ മൂല്യം 4.9 ലക്ഷം കോടി ദിർഹത്തിലെത്തി. സേവന വ്യാപാരം 2025ൽ ആദ്യമായി ലക്ഷംകോടി കടന്ന് 1.14 ലക്ഷം കോടിയായി ഉയർന്നു. ആഗോള ചരക്ക് കയറ്റുമതിയിൽ യു.എ.ഇയുടെ പങ്ക് 3.3 ശതമാനവും ചരക്ക് ഇറക്കുമതിയിൽ 2.8 ശതമാനവും ആണ്. ലോകത്തെ സേവന കയറ്റുമതിയിൽ 2 ശതമാനവും സേവന ഇറക്കുമതിയിൽ 1.4 ശതമാനവും യു.എ.ഇയുടെ വിഹിതമാണ്.
നിലവിൽ ഡിജിറ്റൽ സേവന മേഖലയിൽ യു.എ.ഇ 25ാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഇതിന്‍റെ കയറ്റുമതി മൂല്യം 33 ശതകോടി ഡോളറാണ്. ആഗോള ഡിജിറ്റൽ സേവന കയറ്റുമതിയിൽ യു.എ.ഇയുടെ വിഹിതം 0.6 ശതമാനമാണെന്നും സേവന കയറ്റുമതിയുടെ മൊത്തത്തിൽ 17 ശതമാനം ഈ മേഖലയിൽ നിന്നാണെന്നും ഡബ്ല്യു.ടി.ഒ റിപ്പോർട്ട് പറയുന്നു. അതേസമയം, മേഖലയിലെ സംഘർഷങ്ങൾ കാരണം ആഗോള വ്യാപാര വളർച്ച 2026ൽ കുറയാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. 2025ൽ 4.6 ശതമാനമായിരുന്ന ചരക്ക് വ്യാപാര വളർച്ച 2026ൽ 1.9 ശതമാനമായി താഴാനും 2027ൽ 2.6 ശതമാനമായി ഉയരാനുമാണ് സാധ്യത കാണുന്നത്. സേവന വ്യാപാര വളർച്ച 2026ൽ 4.8 ശതമാനമായി കുറയുകയും 2027ൽ 5.1 ശതമാനമായി ഉയരുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. യു.എ.ഇയുടെ പ്രധാന കയറ്റുമതി ഇപ്പോഴും ക്രൂഡ് ഓയിൽ തന്നെയാണ്. 2024ൽ മാത്രം 114 ശതകോടി ഡോളർ മൂല്യമുള്ള എണ്ണ കയറ്റുമതി നടത്തിയിട്ടുണ്ട്. ഇതിനു പുറമെ സ്വർണം, വിലയേറിയ ലോഹങ്ങൾ, ഫിനാൻഷ്യൽ സേവനങ്ങൾ, പെട്രോ കെമിക്കൽസ്, നിർമാണ സാമഗ്രികൾ, ടൂറിസം, ഹോട്ടൽ മേഖല, നവീന സാങ്കേതിക സേവനങ്ങൾ തുടങ്ങിയ മേഖലകളും രാജ്യത്തിന്റെ പ്രധാന കയറ്റുമതികളായി തുടരുകയാണ്.
കയറ്റുമതിയിൽ ആഗോള തലത്തിലെ ആദ്യ പത്തിൽ എത്തിച്ചേരാനായത് രാജ്യത്തിന്റെ മത്സരക്ഷമതയിലും സാമ്പത്തിക ശക്തിയിലുമുള്ള ആഗോള വിശ്വാസം തെളിയിക്കുന്നതാണെന്ന് യു.എ.ഇ വിദേശ വ്യാപാര മന്ത്രി ഥാനി അൽ സയൂദി പറഞ്ഞു. ഇന്ത്യയടക്കം 15 രാജ്യങ്ങളുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകൾ യു.എ.ഇ ഒപ്പുവെച്ചിട്ടുണ്ട്. ആദ്യ കരാർ 2022ൽ ഇന്ത്യയുമായാണ് ഒപ്പുവെച്ചത്. ഈ കരാറുകൾ വഴി വിപണി പ്രവേശനം എളുപ്പമാക്കുകയും കസ്റ്റംസ് നടപടികൾ ലളിതമാക്കുകയും വ്യാപാരം കൂടുതൽ സുഗമമാക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.