ശൈഖ് ഹംദാൻ
ദുബൈ: എമിറേറ്റിന്‍റെ സാമ്പത്തിക സ്ഥിരതയും ആഗോള മത്സരക്ഷമതയും ശക്തിപ്പെടുത്തുന്നതിനായി 150 കോടി ദിർഹമിന്‍റെ അധിക സാമ്പത്തിക പാക്കേജിന് കൂടി അംഗീകാരം നൽകി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. കഴിഞ്ഞ മാസം പ്രഖ്യാപിച്ച 100 കോടി ദിർഹമിന്‍റെ സാമ്പത്തിക ഉത്തേജന പാക്കേജിന് പുറമെയാണ് വീണ്ടും അധിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ രണ്ടു മാസത്തിനിടെ 250 കോടി ദിർഹമിന്‍റെ സമാശ്വാസ പാക്കേജാണ് ദുബൈ നടപ്പിലാക്കുന്നത്. മൂന്നു മുതൽ 12 മാസം വരെ നടപ്പിലാക്കുന്ന 33 സംരംഭങ്ങൾ പുതിയ പാക്കേജിൽ ഉൾപ്പെടും.
വാണിജ്യം, ടൂറിസം, വിദ്യാഭ്യാസം, കസ്റ്റംസ്, വ്യോമ ഗതാഗതം എന്നിവ ഉൾപ്പെടെ പ്രധാന മേഖലകൾക്ക് പുതിയ പദ്ധതികളിലൂടെ ആനുകൂല്യങ്ങൾ ലഭിക്കും. നോളജ് ആൻഡ് ഹ്യൂമൺ ഡവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ)യിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കാനുള്ള ഫീസിൽ ഇളവ്, ഫീസ് തവണകളായി അടക്കാനുമുള്ള അവസരം തുടങ്ങിയ ആനുകൂല്യങ്ങൾ പദ്ധതിയിലൂടെ ലഭ്യമാകും. ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസ്, പിഴ, ദുബൈ മുനിസിപ്പാലിറ്റി ഫീസ് എന്നിവയിൽ നിന്ന് നഴ്സറികളെ ഒഴിവാക്കിയിട്ടുണ്ട്. റദ്ദാക്കിയ കരാറുകൾക്കായുള്ള ഇൻഷൂറൻസ് ഗ്യാരണ്ടി ഭാഗികമായോ പൂർണമായോ ഒഴിവാക്കുകയും വാടക പുതുക്കുമ്പോഴുണ്ടാകുന്ന അധിക വർധന മരവിപ്പിക്കുകയും ചെയ്തു.
ദുബൈ ഇകണോമിക് ആൻഡ് ടൂറിസം ഡിപാർട്ട്മെന്റിന് കീഴിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കും വിവിധ ഫീസിളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും പദ്ധതി വഴി ലഭിക്കും. ‘ടൂറിസം നികുതി’, ഹോട്ടൽ മുറികളുടെയും റെസ്റ്റോറന്‍റുകളുടെയും വിൽപ്പന ഫീസുകളിൽ ഇളവ് എന്നിവ ഇതിൽ ഉൾപ്പെടും. ദുബൈ ധനകാര്യ വകുപ്പുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ബിസിനസ് സ്ഥാപനങ്ങൾക്കും നികുതിയിളവുണ്ടാകും. ചെറുകിട, ഇടത്തരം സംരംഭ വികസനത്തിനായുള്ള മുഹമ്മദ് ബിൻ റാശിദ് എസ്റ്റാബ്ലിഷ്‌മെന്‍റ്, 2026ൽ അംഗത്വ കാലാവധി അവസാനിക്കുന്ന എല്ലാ കമ്പനികൾക്കും അംഗത്വ ലൈസൻസുകൾ രണ്ട് വർഷം കൂടി നീട്ടി നൽകാൻ തീരുമാനിച്ചു. ഇറക്കുമതി തീരുവ ഡിക്ലറേഷൻ തുക ഘഡുക്കളായി അളക്കാനുള്ള നടപടികൾ ദുബൈ കസ്റ്റംസ് സ്വീകരിക്കും. കൂടാതെ എല്ലാ കസ്റ്റംസ് കേസുകളിലുമുള്ള പിഴത്തുകയുടെ 80 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. ദുബൈ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള നിർമാണ പദ്ധതികളുടെ ബിൽഡിങ് പെർമിറ്റുകൾക്കുള്ള കാലാവധി നീട്ടി നൽകാനും തീരുമാനമായി. വ്യോമ ഗതാഗത മേഖലകൾക്ക് ലൈസൻസ് പുതുക്കുന്നതിനും വൈകുന്നതിനുള്ള പിഴത്തുകയിലും ഇളവ് അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.