ദുബൈ: ഇലക്ട്രിക് വാഹന വിൽപനയിൽ മിഡിൽ ഈസ്റ്റിൽ വീണ്ടും ഒന്നാമതെത്തി യു.എ.ഇ. തുടർച്ചയായി രണ്ടാം തവണയാണ് യു.എ.ഇ ഈ നേട്ടം കൈവരിക്കുന്നത്. ഇന്റർനാഷ്നൽ എനർജി ഏജൻസിയുടെ 2026ലെ ആഗോള ഇ.വി ഔട്ട്ലുക്ക് റിപോർട്ടിലാണ് യു.എ.ഇ ഇ.വി വാഹന വിൽപനയിൽ കുതിപ്പു തുടരുന്നതായി വ്യക്തമാക്കുന്നത്. റിപോർട്ട് അനുസരിച്ച് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നടന്ന മൊത്തം ഇലക്ട്രിക് വാഹന വിൽപനയിൽ 50 ശതമാനവും നടന്നത് യു.എ.ഇയിലാണ്. പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്കുള്ള രാജ്യത്തിന്‍റെ ത്വരിതഗതിയിലുള്ള മാറ്റത്തേയും ഭാവി സാങ്കേതികവിദ്യകളിൽ അതിന്‍റെ മത്സരശേഷി ശക്തിപ്പെടുത്തുന്നതിനെയും പ്രതിഫലിക്കുന്നതാണ് ഈ നേട്ടം.
ഇ.വി വാഹനങ്ങളുടെ സ്വീകാര്യത വർധിപ്പിക്കാനും സുസ്ഥിര ഗതാഗത രംഗത്ത് നിക്ഷേപം കൂട്ടാനും ലക്ഷ്യമിട്ട് 2023ൽ ഊർജ, അടിസ്ഥാന വികസന മന്ത്രാലയം അവതരിപ്പിച്ച ദേശീയ ഇലക്ട്രിക് വാഹന നയത്തിന്‍റെ വൻ വിജയം കൂടിയാണീ നേട്ടമെന്നും മന്ത്രാലയത്തിന്‍റെ ഊർജ, പെട്രോളിയം കാര്യ അണ്ടർ സെക്രട്ടറി എൻജീനിയർ ഷരിഫുൽ ഉലമ വ്യക്തമാക്കി. ഇലക്ട്രിക് വാഹന നിർമാണ രംഗത്ത് ആകർഷകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും അവരുടെ സാന്നിധ്യം പ്രാദേശിക വിപണിയിലേക്ക് വ്യാപിപ്പിക്കുന്നതിലും യു.എ.ഇ വിജയിച്ചുവെന്ന് തെളിയിക്കുന്നതാണ് തുടർച്ചയായി രണ്ടാം വർഷവും ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ച റെക്കോഡ് നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഊർജ കാര്യക്ഷമത വർധിപ്പിക്കാനും ജീവിത നിലവാരം ഉയർത്താനും ലക്ഷ്യമിട്ട് യു.എ.ഇ പ്രഖ്യാപിച്ച ‘ഗ്ലോബൽ ഇ.വി മാർക്കറ്റ്’ പദ്ധതി, യു.എ.ഇ ഊർജ നയം 2050, നെറ്റ് സീറോ സ്ട്രാറ്റജി 2050 എന്നീ നയങ്ങളോട് ചേർന്നുനിൽക്കുന്നതാണ് ഈ മാറ്റം.
പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകളാൽ പ്രവർത്തിക്കുന്ന കൂടുതൽ കാര്യക്ഷമമായ ഗതാഗത അന്തരീക്ഷം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെ ഹരിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റങ്ങളിൽ പുതിയ നാഴികക്കല്ലുകൾ കൈവരിക്കുന്നത് യു.എ.ഇ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. 2026 ൽ ലോകമെമ്പാടുമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 30 ശതമാനം ആകുമെന്ന് നേരത്തെ ക്വാസിൻഫോം റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, പൊതു ഗതാഗത രംഗത്ത് യു.എ.ഇ ഇ.വി വാഹനങ്ങൾ വർധിപ്പിക്കുകയും ഇലക്ട്രിക് ചാർജിങ് പോയിന്‍റുകളുടെ എണ്ണം വലിയ രീതിയിൽ വർധിപ്പിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.