കാർ യാത്രക്കാരന് ദേശീയ പതാക വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥൻ
അജ്മാന്‍: യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘യു.എ.ഇ എന്‍റെ അഭിമാനം’ എന്ന കാമ്പയ്നിന്റെ ഭാഗമായി അജ്മാൻ പൊലീസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, അജ്മാനിലെ നാഷണൽ ആംബുലൻസ് എന്നിവർ അജ്മാൻ മറീന പ്രദേശത്തെ പൗരന്മാർക്കും താമസക്കാർക്കും യു.എ.ഇ പതാകകൾ വിതരണം ചെയ്തു.
വിവിധ സർക്കാർ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങിന് പൗരൻമാർ, താമസക്കാർ എന്നിവരിൽ നിന്ന് മികച്ച പങ്കാളിത്തമാണ് ലഭിച്ചത്.
രാജ്യത്തേയും ദേശീയ നേട്ടങ്ങളുടെയും സുസ്ഥിരത സംരക്ഷിക്കുന്നതിലും സമൂഹത്തിലെ അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും നേതൃത്വം മികച്ച പിന്തുണയാണ് നൽകിയത്. യു.എ.ഇ പതാക അഭിമാനത്തിന്‍റെയും ആദരവിന്‍റെയും ഉറവിടമാണെന്നും ഐക്യത്തിന്‍റെയും ശക്തിയുടെയും പ്രതീകമാണെന്നും അജ്മാൻ പൊലീസും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസും നാഷണൽ ആംബുലൻസും വ്യക്തമാക്കി.
യു.എ.ഇ പതാക രാഷ്ട്രത്തിന്‍റെ ചൈതന്യം ഉൾക്കൊള്ളുന്നുവെന്നും അതിന്‍റെ ഓരോ നിറങ്ങളിലും അഭിമാനം, ദാനധർമത്തിന്‍റെ മൂല്യങ്ങൾ, ത്യാഗം, നന്മ, വളർച്ച, സമാധാനം എന്നിവയുടെ അർത്ഥങ്ങൾ ഉൾക്കൊള്ളുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഏഴ് എമിറേറ്റുകളെയും ഒന്നിപ്പിക്കുന്ന ഈ മഹത്വമായ പതാക അതിന്‍റെ പരമാധികാരത്തിന്‍റെയും ദേശീയ ഐക്യത്തിന്‍റെയും പ്രതീകമായി തുടരുമെന്നും അധികൃതർ ഓർമപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.