ഇറാന്‍റെ രണ്ട്​ ഡ്രോണുകൾ പ്രതിരോധിച്ച്​ യു.എ.ഇ

ദുബൈ: സമാധാന ശ്രമങ്ങൾ ഊർജിതമായി പുരോഗമിക്കുമ്പോഴും യു.എ.ഇക്ക്​ നേരെ ആക്രമണം തുടർന്ന്​ ഇറാൻ. ഞായറാഴ്ച ഇറാനിൽ നിന്നെത്തിയ രണ്ട്​ ഡ്രോണുകൾ വിജയകരമായി പ്രതിരോധിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തിൽ മൂന്ന്​ ഇന്ത്യക്കാർക്ക്​ പരിക്കേറ്റിരുന്നു.

കൂടാതെ ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിൽ തീപ്പിടിത്തത്തിനും ആക്രമണം കാരണമായിരുന്നു. രാജ്യത്തിനു നേരെ ഇതുവരെ ഇറാനിൽ നിന്ന്​ എത്തിയ 551 ബാലിസ്റ്റിക്​ മിസൈലുകളും 29 ക്രൂസ്​ മിസൈലുകളും 2,265 ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി ​പ്രതിരോധിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച്​ ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ രാജ്യത്ത്​ ഇതുവരെ 10 സിവിലയൻമാരും മൂന്ന്​ സൈനികരും അടക്കം 13 പേരാണ്​ കൊല്ലപ്പെട്ടത്​. ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്​, ഫലസ്തീൻ, ഈജിപ്ത്​ പൗരൻമാരാണ്​ കൊല്ലപ്പെടട്ട സിവിലയൻമാർ. വീരമൃത്യുവരിച്ച സൈനികരിൽ രണ്ട്​ പേർ യു.എ.ഇ പൗരൻമാരും ഒരാൾ മൊറോക്കൻ പൗരനുമാണ്​. ഇദ്ദേഹം യു.എ.ഇ സായുധ സേനക്ക്​ വേണ്ടി പ്രവർത്തിച്ചുവരികയായിരുന്നു.

ഇതുവരെ നടന്ന ആക്രമണങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 230 ആണ്​. ഇന്ത്യ ഉൾപ്പെടെ 31 ലോക രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർ പരി​ക്കേറ്റവരിൽ ഉൾപ്പെടും. രാജ്യത്തിന്‍റെ സുരക്ഷക്കും സ്ഥിരതക്കും നേരെയുള്ള ഏത്​ ഭീഷണികളേയും നേരിടാൻ സായുധ സേന പൂർണ സജ്ജമാണെന്ന്​ പ്രതിരോധ മന്ത്രാലയം ആവർത്തിച്ചു വ്യക്​തമാക്കി. അതേസമയം, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന്​ വിട്ടുനിൽക്കണമെന്നും ഏറ്റവും പുതിയ അപ്​ഡേറ്റുകൾക്ക്​ ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.

Tags:    
News Summary - UAE intercepts two Iranian drones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.