ആഗോള ഹൈഡ്രജന്‍ ഹബ്ബായി മാറാന്‍ അബൂദബി; 2031ഓടെ പ്രതിവര്‍ഷം 14 ലക്ഷം ടണ്‍ 'കുറഞ്ഞ കാര്‍ബണ്‍ ഹൈഡ്രജന്‍' ലക്ഷ്യം

അബൂദബി: കുറഞ്ഞ ഉൽപാദനച്ചെലവും മികച്ച അടിസ്ഥാന സൗകര്യങ്ങളും മുന്‍നിര്‍ത്തി ആഗോള ഹൈഡ്രജന്‍ സമ്പദ്വ്യവസ്ഥയുടെ പ്രധാന കേന്ദ്രമായി അബൂദബി മാറുകയാണെന്ന് അബൂദബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എ.ഡി.സി.സി.ഐ.) റിപ്പോര്‍ട്ട്. ‘അബൂദബീസ് പൊസിഷനിങ് ഇന്‍ ദി ഹൈഡ്രജന്‍ ഇക്കോണമി’ എന്ന പേരില്‍ ബിസിനസ് ഇന്‍റലിജന്‍സ് വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്.

2031ഓടെ പ്രതിവര്‍ഷം 14 ലക്ഷം ടണ്‍ കുറഞ്ഞ കാര്‍ബണ്‍ ഹൈഡ്രജന്‍ (ലോ കാര്‍ബണ്‍ ഹൈഡ്രജന്‍) ഉൽപാദിപ്പിക്കുകയാണ് അബൂദബി ലക്ഷ്യമിടുന്നത്. ആഗോളതലത്തില്‍ ഹൈഡ്രജന്‍ വിപണിയില്‍ നയപരമായ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുമ്പോഴും അബൂദബി പദ്ധതികള്‍ വേഗത്തില്‍ യാഥാര്‍ഥ്യമാക്കുകയാണ്. ധാരാളമായി ലഭിക്കുന്ന സൗരോര്‍ജം, കാര്യക്ഷമമായ വൈദ്യുതി ശൃംഖല, ശക്തമായ വ്യവസായ ശേഷി, കുറഞ്ഞ പലിശ നിരക്കിലെ മൂലധനം എന്നിവയുടെ പിന്‍ബലത്തില്‍ 2030ഓടെ കുറഞ്ഞ ചെലവില്‍ ഹൈഡ്രജനും അമോണിയയും ഉല്‍പ്പാദിപ്പിക്കുന്ന ലോകത്തിലെ മുന്‍നിര രാജ്യമായി യു.എ.ഇ. മാറും. യൂറോപ്യന്‍ യൂനിയന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ വിപണികളിലേക്ക് ഇത് വന്‍തോതില്‍ കയറ്റുമതി ചെയ്യും.

ശുദ്ധമായ ഹൈഡ്രജന്‍ നേരിട്ട് കയറ്റുമതി ചെയ്യുന്നതിനു പകരം ഗ്രീന്‍ അമോണിയ, മെഥനോള്‍, സിന്തറ്റിക് ഫ്യുവല്‍സ്, സുസ്ഥിര വിമാന ഇന്ധനം (എസ്.എ.എഫ്) തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള ഉല്‍പന്നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന അന്താരാഷ്ട്ര മാറ്റത്തിന് അനുസൃതമായാണ് അബൂദബിയുടെ പ്രവര്‍ത്തനം. ഗ്രീന്‍ ഹൈഡ്രജനും കാര്‍ബണ്‍ ഡയോക്‌സൈഡും ഉപയോഗിച്ചുള്ള മെഥനോള്‍, എസ്.എ.എഫ്. പദ്ധതികള്‍, ഇ-മെഥെയ്ന്‍ ഉല്‍പ്പാദനം, ഗ്രീന്‍ അമോണിയ മേഖലയിലെ വിപുലീകരണം എന്നിവയിലൂടെ 2029ഓടെ കോടിക്കണക്കിന് ദിര്‍ഹമിന്‍റെ കയറ്റുമതി സാധ്യതകളും പുതിയ തൊഴിലവസരങ്ങളുമാണ് ലക്ഷ്യമിടുന്നത്.

Tags:    
News Summary - Global Hydrogen Hub, Abu Dhabi,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.