അബൂദബി: കെട്ടിടങ്ങളിലെ ലിഫ്റ്റുകളുടെ കൃത്യമായ സുരക്ഷാ പരിപാലനം ഉറപ്പാക്കുന്നതില്‍ വീഴ്ചവരുത്തുന്ന ഉടമകള്‍ക്കെതിരെ കടുത്ത നടപടിയുമായി അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി. അംഗീകൃത മെയിന്‍റനന്‍സ് സ്ഥാപനങ്ങളുമായി ലിഫ്റ്റ് പരിപാലന കരാര്‍ നിലവിലില്ലെന്ന് കണ്ടെത്തിയാല്‍ കെട്ടിട ഉടമകളില്‍ നിന്ന് 5000 ദിര്‍ഹം പിഴ ഈടാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിലവിലുള്ള കെട്ടിടങ്ങള്‍ക്കും നിര്‍മാണത്തിലിരിക്കുന്നവക്കും സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. എന്നാല്‍, സ്വകാര്യ വില്ലകളെയും വ്യക്തിഗത റസിഡന്‍ഷ്യല്‍ വീടുകളെയും ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ സിവില്‍ ഡിഫന്‍സ് സേവന നിയന്ത്രണങ്ങള്‍ സംബന്ധിച്ച 2012ലെ 24-ാം നമ്പര്‍ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്.
ലിഫ്റ്റ് മെയിന്‍റനന്‍സ് കരാറുകള്‍ക്ക് പുറമെ മറ്റ് സുരക്ഷാ വീഴ്ചകള്‍ക്കെതിരെയും ശക്തമായ പിഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബോയിലര്‍ റൂമുകളിലെ സുരക്ഷാ മുന്നൊരുക്കങ്ങളിലും തീപിടുത്ത പ്രതിരോധ സംവിധാനങ്ങളിലും വീഴ്ച വരുത്തിയാല്‍ 10000 ദിര്‍ഹം പിഴ ചുമത്തും. അതോറിറ്റിയുടെ മുന്‍കൂർ അനുമതിയില്ലാതെ കെട്ടിടങ്ങളുടെ മുന്‍ഭാഗങ്ങളിലോ മേല്‍ക്കൂരകളിലോ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കും 10000 ദിര്‍ഹമാണ് പിഴ. ലിഫ്റ്റുകളുടെയും അനുബന്ധ സംവിധാനങ്ങളുടെയും കൃത്യമായ അറ്റകുറ്റപ്പണി ഉറപ്പുവരുത്താന്‍ കെട്ടിട ഉടമകൾ ഉടൻ നടപടി സ്വീകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.