ഷാർജയിലെ വിവിധയിടങ്ങളിൽ ശനിയാഴ്ച മഴ പെയ്തപ്പോൾ

ഷാർജയിൽ ആലിപ്പഴ വർഷത്തോടെ മഴ; ചൊവ്വാഴ്ച വരെ മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് എൻ.സി.എം

ഷാർജ: ഷാർജയിൽ പലയിടങ്ങളിലും ശനിയാഴ്ച നല്ല തോതിൽ മഴ ലഭിച്ചു. ഷാർജയുടെ മധ്യ മേഖലയിലുള്ള അൽ മദാമിലും മഹാഫിസിലുമൊക്കെ കനത്ത മഴയാണ് ലഭിച്ചത്. മഹാഫിസിൽ ചെറിയ തോതിൽ ആലിപ്പഴ വീഴ്ചയുമുണ്ടായിരുന്നു. എമിറേറ്റിന്‍റെ മറ്റു ചില പ്രദേശങ്ങളിലും ശനിയാഴ്ച ഉച്ചക്കുശേഷം ആലിപ്പഴ വർഷത്തോടെ മഴ കനത്തുപെയ്തു. വരും ദിവസങ്ങളിലും കൂടുതൽ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) പ്രവചിക്കുന്നു.

വെള്ളിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത മിതമായതും ശക്തവുമായ മഴക്ക് പിന്നാലെയാണ് ശനിയാഴ്ചയും മഴ തുടർന്നത്. അൽ ഖൈറിലും അബൂദബി-അൽ ദഫ്റ റോഡിലുമടക്കം പെയ്ത മഴയോടൊപ്പം കനത്ത മണൽക്കാറ്റും അനുഭവപ്പെട്ടതിനെത്തുടർന്ന് കാഴ്ചപരിധി കുറഞ്ഞിരുന്നു. കിഴക്കുനിന്നുള്ള ഉപരിതല ന്യൂനമർദത്തിന്‍റെയും അന്തരീക്ഷത്തിന്റെ ഉയർന്ന തട്ടിലുള്ള ദുർബലമായ ന്യൂനമർദത്തിന്‍റെയും സ്വാധീനത്താൽ ചൊവ്വാഴ്ച വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്ന് എൻ.സി.എം അറിയിച്ചു. കിഴക്കൻ, തെക്കൻ മേഖലകളിലും ചില ഉൾനാടൻ പ്രദേശങ്ങളിലും മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ശനിയാഴ്ച ഭാഗികമായി മേഘാവൃതവും പൊടിപടലങ്ങൾ നിറഞ്ഞതുമായ കാലാവസ്ഥയായിരിക്കും.

മണിക്കൂറിൽ 10 മുതൽ 25 കി.മീ വരെ വേഗതയിൽ സാധാരണ കാറ്റും, മഴമേഘങ്ങൾ രൂപം കൊള്ളുന്ന സമയത്ത് മണിക്കൂറിൽ 50 കി.മീ വരെ വേഗത്തിൽ ശക്തമായ കാറ്റും മണൽക്കാറ്റും വീശിയടിച്ചേക്കാം. അടുത്ത മൂന്ന് ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരും. കിഴക്കൻ, തെക്കൻ പ്രദേശങ്ങളിലും ചില ഉൾനാടുകളിലും മഴ സാധ്യതയുണ്ടെന്നും എൻ.സി.എം വ്യക്തമാക്കി. അറബിക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും. 

Tags:    
News Summary - Sharjah, hailstorm, rain, NCM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.