‘ഹുർമുസ് തുറന്നുകൊടുക്കണം’; അഡ്നോക് ചരക്കുകപ്പലിനുനേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എ.ഇ

അബൂദബി: ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന അഡ്നോക് ചരക്കുകപ്പലിനുനേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന യു.എൻ സുരക്ഷാ കൗൺസിലിന്‍റെ 2817-ാം പ്രമേയത്തിന്‍റെ നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും അന്താരാഷ്ട്ര സമുദ്രപാതകൾ തടസ്സപ്പെടുത്തുന്നതും യു.എൻ പ്രമേയം തള്ളിക്കളയുന്നുണ്ട്.

ഇറാന്‍റെ റെവല്യൂഷനറി ഗാർഡ് കോർപ്സ് വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും സാമ്പത്തിക ഭീഷണിക്കായി ഹോർമുസ് കടലിടുക്കിനെ ആയുധമാക്കുന്നതും കടൽക്കൊള്ളക്ക് തുല്യമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത് മേഖലയുടെ സ്ഥിരതക്കും ജനങ്ങൾക്കും ആഗോള ഊർജ്ജ സുരക്ഷക്കും ഭീഷണിയാണ്.

കാരണമില്ലാതെയുള്ള ഇത്തരം ആക്രമണങ്ങൾ ഇറാൻ അവസാനിപ്പിക്കണം. എല്ലാവിധ ശത്രുതാപരമായ നടപടികളും ഉടനടി നിർത്തിവെക്കാൻ പൂർണമായി പ്രതിജ്ഞാബദ്ധരാകണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു. പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനും ആഗോള സമ്പദ്‌വ്യവസ്ഥയുടെയും വ്യാപാരത്തിന്‍റെയും സ്ഥിരത നിലനിർത്തുന്നതിനുമായി ഹുർമുസ് കടലിടുക്ക് നിബന്ധനകളില്ലാതെ പൂർണമായി തുറന്നുകൊടുക്കണമെന്നും യു.എ.ഇ കൂട്ടിച്ചേർത്തു. ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ രാജ്യങ്ങളും അഡ്നോക് ടാങ്കറിനുനേരെ ഇറാൻ നടത്തിയ ആക്രമണത്തെ അപലപിച്ചു.

Tags:    
News Summary - Missile attack on Adnoc ship in the Strait of Hormuz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.