ഗസ്സയിലെ പരിക്കേറ്റവര്‍ക്ക് പ്രത്യാശയുടെ ചുവടൊരുക്കി ഇസഡ്.എച്ച്.ഒ; കൃത്രിമ അവയവങ്ങള്‍ മൂന്ന് ദിവസത്തിനകം നിര്‍മിച്ചു നല്‍കുന്നു

അബൂദബി: ഗസ്സയില്‍ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് അംഗഭംഗം സംഭവിച്ച ഫലസ്തീനികള്‍ക്ക് പ്രതീക്ഷയേകി അബൂദബിയിലെ സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്റെ (ഇസഡ്.എച്ച്.ഒ.) 'സ്റ്റെപ് ഓഫ് ഹോപ്' പദ്ധതി. അത്യാധുനിക 3ഡി സ്‌കാനിങ്, പ്രിന്റിങ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ കൃത്രിമ അവയവങ്ങള്‍ നിര്‍മിച്ച് നല്‍കുന്നതാണ് പദ്ധതി. അബൂദബി അല്‍ ബഹിയയിലെ ഇസഡ്.എച്ച്.ഒ സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പിലാണ് ഇവ നിര്‍മിക്കുന്നത്.

പരമ്പരാഗതമായി പ്ലാസ്റ്റര്‍ കാസ്റ്റുകള്‍ ഉപയോഗിച്ച് ആഴ്ചകളെടുത്ത് പൂര്‍ത്തിയാക്കിയിരുന്ന നിര്‍മാണ പ്രക്രിയയാണ് 3ഡി സാങ്കേതികവിദ്യയിലൂടെ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുന്നത്. 2021 നവംബറില്‍ എക്‌സ്‌പോ 2020 ദുബൈയില്‍ വെച്ച് ജര്‍മന്‍ കമ്പനിയായ ‘ഒ.ടി.ബി ബൗവര്‍ഫൈന്‍ഡു’മായി സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഒപ്പുവെച്ച കരാറാണ് ഈ സാങ്കേതിക മാറ്റത്തിന് അടിത്തറയിട്ടത്.

ഹാന്‍ഡ്ഹെല്‍ഡ് സ്‌കാനര്‍ ഉപയോഗിച്ച് ശരീരഭാഗത്തിന്‍റെ കൃത്യമായ അളവുകള്‍ രേഖപ്പെടുത്തി 85 ശതമാനത്തിലധികം കൃത്യതയുള്ള ഡിജിറ്റല്‍ മോഡല്‍ നിര്‍മിച്ചാണ് വര്‍ക്ക്‌ഷോപ്പില്‍ അവയവങ്ങള്‍ തയാറാക്കുന്നത്. മർദവും ഭാരവും താങ്ങേണ്ട ഭാഗങ്ങള്‍ കംപ്യൂട്ടറില്‍ ക്രമീകരിച്ച ശേഷം 3ഡി പ്രിന്റര്‍ വഴി ഓരോ പാളികളായി നിര്‍മിച്ചെടുക്കുന്നു. ചികിത്സക്കിടെ ശരീരഘടനയില്‍ മാറ്റം വന്നാലും പഴയതുപോലെ പ്ലാസ്റ്റര്‍ കാസ്റ്റ് മുതല്‍ വീണ്ടും തുടങ്ങാതെ തന്നെ ഡിജിറ്റല്‍ ഫയലില്‍ മാറ്റം വരുത്തി അതിവേഗം പുതിയ അവയവം പ്രിന്റ് ചെയ്യാനാകും.

അതോറിറ്റി ഓഫ് സോഷ്യല്‍ കോണ്‍ട്രിബ്യൂഷന്‍ - ‘മാന്‍’ സമാഹരിച്ച 350000 ദിര്‍ഹത്തിന്റെ സാമൂഹിക പങ്കാളിത്ത ധനസഹായത്തോടെയാണ് ഈ കാരുണ്യ ദൗത്യം നടപ്പാക്കുന്നത്. യു.എ.ഇയിലെ നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍ തന്നെയാണ് ഗസ്സയിലെ ബാധിതര്‍ക്കായി കൃത്രിമ അവയവങ്ങള്‍ നിര്‍മിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. സ്വദേശി വിദഗ്ധര്‍ക്കൊപ്പം വര്‍ക്ക്ഷോപ്പില്‍ പ്രവര്‍ത്തിക്കുന്ന നിശ്ചയദാര്‍ഢ്യക്കാര്‍ ഓരോ അവയവത്തിന്റെയും സുഖാവസ്ഥ, ചലനക്ഷമത, കൃത്യത എന്നിവ നേരിട്ട് പരിശോധിച്ചാണ് കൈമാറുന്നത്.

നിശ്ചയദാര്‍ഢ്യക്കാര്‍ സഹായം സ്വീകരിക്കുന്നവര്‍ മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളുമാണെന്നതിന്റെ തെളിവാണ് ഈ പദ്ധതിയെന്ന് ഇസഡ്.എച്ച്.ഒ. സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ ഹുമൈദാന്‍ വ്യക്തമാക്കി. 

Tags:    
News Summary - Gaza, Z.H.O., artificial limbs,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.