അബൂദബി: വിപുലമായ വിനോദപരിപാടികളും സാംസ്കാരിക-പൈതൃക മേളകളും മുൻനിർത്തി 2026ലെ വേനൽക്കാലത്ത് വൻ കുതിപ്പിനൊരുങ്ങി യു.എ.ഇ.യുടെ വിനോദസഞ്ചാര മേഖല. ലോകോത്തര അടിസ്ഥാനസൗകര്യങ്ങളും ആധുനിക സംവിധാനങ്ങളും സമന്വയിപ്പിച്ച് സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ വർഷത്തെ വേനൽക്കാല ടൂറിസം പദ്ധതികൾ തയാറാക്കിയിരിക്കുന്നത്.
2025ൽ യു.എ.ഇ ടൂറിസം മേഖല കൈവരിച്ച റെക്കോർഡ് നേട്ടങ്ങളുടെ തുടർച്ചയായാണ് ഈ വേനൽക്കാലത്തെയും മുന്നേറ്റം. കഴിഞ്ഞ വർഷം 3.23 കോടി ആളുകളാണ് രാജ്യത്തെ ഹോട്ടലുകളിൽ എത്തിയത്. 11 കോടിയിലേറെ രാത്രി താമസങ്ങൾ രേഖപ്പെടുത്തിയപ്പോൾ ഹോട്ടൽ മേഖലയിൽ നിന്നുള്ള വരുമാനം 4921 കോടി ദിർഹമായി ഉയർന്നു. ശരാശരി ഒക്യുപ്പൻസി നിരക്ക് 79.3 ശതമാനത്തിലെത്തി.
പൈതൃകവും ആഘോഷങ്ങളും ഉണരുന്ന അബൂദബി
അബൂദബിയിൽ പ്രാദേശിക പൈതൃകം വിളിച്ചോതുന്ന ‘ഹെറിറ്റേജ് ആഘോഷങ്ങൾ’ക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. അടുത്തിടെ സമാപിച്ച 22-ാമത് ‘ലിവ ഈത്തപ്പഴ മേള’ കാണാൻ 80,000ത്തോളം ആളുകളാണ് എത്തിയത്. ആദ്യമായി സംഘടിപ്പിച്ച ‘അൽ ഐൻ ഈത്തപ്പഴ ഫെസ്റ്റിവൽ’ ഏഴ് ദിവസത്തിനുള്ളിൽ 74,599 സന്ദർശകരെ ആകർഷിച്ചു.
തദ്ദേശീയ കർഷകരെ പിന്തുണക്കുന്നതിനും പരമ്പരാഗത ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി അൽ വത്ബയിലും ഈത്തപ്പഴ മേള നടക്കുന്നുണ്ട്. സാംസ്കാരിക തലസ്ഥാനമായ സാദിയാത്ത് ദ്വീപിലെ ‘ലൂവ്ര് അബൂദബി’ സന്ദർശകർക്കായി വിജ്ഞാനപ്രദമായ കലാ ശിൽപശാലകളും ഗൈഡഡ് ടൂറുകളും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, സായിദ് നാഷനൽ മ്യൂസിയം എന്നിവയും സന്ദർശകർക്കായി തുറന്നിരിക്കുന്നു. വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമായ യാസ് ഐലൻഡിലെ ഫെരാരി വേൾഡ്, വാർണർ ബ്രദേഴ്സ് വേൾഡ്, സീവേൾഡ്, ഇത്തിഹാദ് അറീന എന്നിവിടങ്ങളിലും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ദുബൈയിൽ ഷോപ്പിങ്ങും ഇൻഡോർ വിനോദങ്ങളും
ദുബൈയിൽ ‘ദുബൈ സമ്മർ സർപ്രൈസസ്’ (ഡി.എസ്.എസ്) സമ്മാനിക്കുന്ന വിനോദ-വാണിജ്യ ഓഫറുകളാണ് പ്രധാന ആകർഷണം. മാൾ ഓഫ് ദി എമിറേറ്റ്‌സിൽ നടക്കുന്ന സർക്കസ്, നൃത്ത പ്രകടനങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കലാപരിപാടികൾ കുട്ടികളെയും കുടുംബങ്ങളെയും ഒരുപോലെ ആകർഷിക്കുന്നു. ദുബൈ ഫെസ്റ്റിവൽ പ്ലാസയിലെ നൃത്ത മത്സരങ്ങളും ഇബ്ൻ ബത്തൂത്ത മാളിൽ സംഘടിപ്പിച്ച ഇൻഡോർ റണ്ണിങ് റേസുകളും രസകരമായ അനുഭവം സമ്മാനിക്കുന്നവയാണ്.
ഷാർജയും അജ്മാനും
ഷാർജ പ്രൊമോഷൻസിന്‍റെ ഭാഗമായി സാംസ്കാരികവും വാണിജ്യപരവുമായ നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. അടുത്തിടെ നടന്ന 10-ാമത് ‘അൽ ദൈദ് ഈത്തപ്പഴ മേള’ 35,000-ത്തിലധികം സന്ദർശകരെ ആകർഷിച്ചു. അജ്മാനിൽ സംഘടിപ്പിച്ച ‘ലിവ അജ്മാൻ ഡേറ്റ്സ് ആൻഡ് ഹണി ഫെസ്റ്റിവൽ’ കർഷകർക്കും തേൻ ഉൽപാദകർക്കും പ്രാദേശിക ഉൽപന്നങ്ങൾ വിപണനം ചെയ്യാനുള്ള മികച്ച വേദിയായി മാറി.
വേനൽക്കാലത്തെ കൃത്യമായ ആസൂത്രണം
രാജ്യത്തെ ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, ഗതാഗത മേഖലകൾക്ക് വലിയ സാമ്പത്തിക ഉണർവ് പകരുന്നുണ്ട്. പാരമ്പര്യവും ആധുനികതയും കോർത്തിണക്കി സമഗ്രമായ വിനോദസഞ്ചാര സീസൺ കെട്ടിപ്പടുക്കുന്നതിൽ യു.എ.ഇ കൈവരിച്ച വിജയത്തിന് സാക്ഷ്യമാണിത്. ടൂറിസം വികസനത്തിനായി സാംസ്കാരിക പൈതൃകത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും, വർഷം മുഴുവൻ വൈവിധ്യമാർന്ന വിനോദസഞ്ചാര അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്ന ആഗോള കേന്ദ്രമായി യുഎ.ഇ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.