അബൂദബി: തിങ്കളാഴ്ച ഇറാനിൽ നിന്നുള്ള 12 ബാലിസ്റ്റിക് മിസൈലുകളും 2 ക്രൂസ് മിസൈലുകളും 19 ഡ്രോണുകളും യു.എ.ഇയുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ ആകെ പരിക്കേറ്റവരുടെ എണ്ണം 221 ആയി ഉയർന്നു.
കഴിഞ്ഞ മണിക്കൂറുകളിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫുജൈറയിൽ ‘ഡു’ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ കെട്ടിടത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായി ഫുജൈറ സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല.
അബൂദബിയിലെ മുസഫ പ്രദേശത്തെ ‘ഐകാഡ്’ മേഖലയിലെ റനീൻ സിസ്റ്റംസ് കമ്പനിയിൽ വ്യോമപ്രതിരോധത്തിന് പിന്നാലെ അവശിഷ്ടങ്ങൾ പതിച്ചതായി അധികൃതർ അറിയിച്ചു. ഈ സംഭവത്തിൽ ഘാന പൗരന് ചെറിയ പരിക്കേറ്റിട്ടുണ്ട്.
ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇതുവരെ 519 ബാലിസ്റ്റിക് മിസൈലുകൾ, 26 ക്രൂസ് മിസൈലുകൾ, 2210 ഡ്രോണുകൾ എന്നിവയാണ് യു.എ.ഇ തടഞ്ഞിട്ടുള്ളത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രമേ വിവരങ്ങൾ സ്വീകരിക്കാവൂ എന്നും അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.