എ.ഐക്ക്​ മുന്‍ഗണന; ശൈഖ് സായിദ് സമ്മര്‍ ഫെസ്റ്റിവലിന് അബൂദബിയില്‍ തുടക്കമായി

അബൂദബി: മേഖലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-വിനോദ മേളയായ ശൈഖ് സായിദ് സമ്മര്‍ ഫെസ്റ്റിവല്‍ 2026ന് അല്‍ വത്ബയില്‍ തുടക്കമായി. മുപ്പതിലധികം ദേശീയ, അക്കാദമിക്, സുരക്ഷാ, കായിക സംഘടനകള്‍ പഠനവും നവീകരണവും പൈതൃകവും ഒന്നിക്കുന്ന മേളയുടെ ഭാഗമാകുന്നുണ്ട്. പൂര്‍ണമായും ശീതീകരിച്ച വേദികളില്‍ ആഗസ്റ്റ് 23 വരെ നീണ്ടുനില്‍ക്കുന്ന ഏഴ് ആഴ്ചത്തെ മേളയില്‍ ആറുമുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്കായി 3000ലധികം പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്​യാന്റെ രക്ഷാകര്‍തൃത്വത്തില്‍, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ്​ മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്​യാന്റെ മേല്‍നോട്ടത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.നിര്‍മിത-സാങ്കേതിക വിദ്യകള്‍ക്കാണ് മേളയില്‍ മുന്‍ഗണന. മുഹമ്മദ് ബിന്‍ സായിദ് യൂനിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നേതൃത്വത്തിലുള്ള 'എ.ഐ ആന്‍ഡ് ഇന്നൊവേഷന്‍ വേള്‍ഡ്' പവലിയന്‍, ഹയര്‍ കോളജസ് ഓഫ് ടെക്‌നോളജി ഒരുക്കുന്ന എ.ഐ വെബ്സൈറ്റ് ഡിസൈന്‍, സൈബര്‍ സെക്യൂരിറ്റി, ഡ്രോണ്‍ സാങ്കേതികവിദ്യ എന്നിവയിലെ വര്‍ക്ക്ഷോപ്പുകള്‍, അബൂദബി സെന്റര്‍ ഫോര്‍ ടെക്‌നിക്കല്‍ ആന്‍ഡ് വൊക്കേഷനല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്ങിന്റെ ഡിജിറ്റല്‍ മാനുഫാക്ചറിങ് പരിശീലനം എന്നിവ ഇതില്‍ പ്രധാനമാണ്.

അബൂദബി സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ ഫുട്ബാള്‍, ജൂഡോ, ബാസ്‌കറ്റ്ബാള്‍, ടേബിള്‍ ടെന്നീസ്, ആര്‍ച്ചറി, ചെസ് എന്നിവയും അബൂദബി വിന്റര്‍ സ്പോര്‍ട്സ് ക്ലബിന്റെ കീഴില്‍ ഇന്‍ഡോര്‍ ഐസ് സ്‌കേറ്റിങ്ങും സജ്ജമാക്കിയിരിക്കുന്നു. പാരമ്പര്യ മജ്​ലിസ്, കരകൗശല വസ്തുക്കള്‍, തനത് വിഭവങ്ങള്‍ എന്നിവയടങ്ങുന്ന അബൂദബി ഹെറിറ്റേജ് അതോറിറ്റിയുടെ പവലിയനും എമിറേറ്റ്‌സ് ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള ഇമാറാത്തി മര്യാദകള്‍, വോളന്റിയറിങ്, കുതിരസവാരി, ഒട്ടക സവാരി എന്നിവയും യു.എ.ഇ പൈതൃകം അടുത്തറിയാന്‍ അവസരമൊരുക്കുന്നു.

അല്‍ വത്ബ വണ്ടര്‍ലാന്‍ഡ്, ഗെയിമിങ്​ സോണുകള്‍, ഫാമിലി എന്റര്‍ടൈന്‍മെന്റ്, അല്‍ വത്ബ ഡേറ്റ് ഫെസ്റ്റിവല്‍, പ്രൊഡക്റ്റീവ് ഫാമിലീസ് ഇവന്റ്, ബാക്ക് ടു സ്‌കൂള്‍ ഇനിഷ്യേറ്റീവ് എന്നിവയാണ് മറ്റ് ആകര്‍ഷണങ്ങള്‍.

രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം. പകല്‍ സമയങ്ങളില്‍ വിദ്യാഭ്യാസ പ്രോഗ്രാമുകളും വൈകുന്നേരങ്ങളില്‍ വിനോദ പരിപാടികളും നടക്കും. അബൂദബിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മേളയിലേക്ക് സൗജന്യ ഷട്ടില്‍ ബസ് സര്‍വീസുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. വിജയകരമായി പ്രോഗ്രാമുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ലഭിക്കും.

Tags:    
News Summary - AI a priority; Sheikh Zayed Summer Festival kicks off in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.