മാത്തുക്കുട്ടി കടോൺ
ദുബൈ: എമിഗ്രേഷൻ ക്ലിയറൻസിന്റെ പേരിൽ പ്രവാസികളിൽനിന്ന് പിരിച്ചെടുത്ത കോടിക്കണിന് രൂപ ഇപ്പോൾ എവിടെയാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഷാർജയിലെ സാമൂഹിക പ്രവർത്തകൻ മാത്തുക്കുട്ടി കടോൺ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. അഡ്വ. ജോസ് എബ്രഹാം മുഖേന 2026 ഫെബ്രുവരി 27ന് സമര്‍പ്പിച്ച റിട്ട് ഹര്‍ജി കേരള ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച് കേന്ദ്രസര്‍ക്കാരിനോട് മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടു. ഇ.സി.ആര്‍ ഡെപ്പോസിറ്റ് ഇനത്തില്‍ എത്രതുകയുണ്ടെന്ന് ജൂലൈ 29ന് സത്യവാങ്മൂലം നൽകാമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ബിരുദമില്ലാത്ത ഇന്ത്യൻ പ്രവാസികൾ ഗൾഫ് ഉൾപ്പെടെ 18 രാജ്യങ്ങളിലേക്ക് ജോലിക്കായി യാത്രചെയ്യുമ്പോൾ എമിഗ്രേഷൻ ക്ലിയറൻസ് ഡെപ്പോസിറ്റ് നിർബന്ധമായിരുന്നു. 1983 മുതൽ 2003 വരെ 20 വർഷം ഓരോ യാത്രക്കാരനിൽനിന്നും മടക്കയാത്രക്കുള്ള ടിക്കറ്റിന്റെ തുകയാണ് ഇ.സി.ആർ. ഡെപ്പോസിറ്റായി ശേഖരിച്ചിരുന്നത്. ലക്ഷക്കണക്കിന് പ്രവാസികളിൽനിന്ന് പിരിച്ച കോടിക്കണക്കിന് വരുന്ന ഈ തുക എവിടെയാണെന്ന് വ്യക്തമാക്കണമെന്നും, നിക്ഷേപം അവകാശികൾക്ക് തിരിച്ചുനൽകാൻ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് എൻ.ടി.വി ചെയർമാൻ കുടിയായ മാത്തുക്കുട്ടി കടോൺ ഹൈക്കോടതിയെ സമീപിച്ചത്. 2006 ൽ ടി.കെ. ഹംസ ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ഏകദേശം 5000 കോടി രൂപ ഇത്തരത്തിൽ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് മറുപടി ലഭിച്ചത്. 2003 നവംബറിൽ പ്രവാസി ഭാരതീയ ഭീമ യോജന എന്ന ഇൻഷൂറൻസ് പദ്ധതി വന്നതോടെയാണ് ഇ.സി.ആർ. ഡെപ്പോസിറ്റ് വാങ്ങുന്നത് സർക്കാർ അവസാനിപ്പിച്ചത്.
കേസിൽ രാജ്യത്തെ വിവിധ പ്രോട്ടക്ടർ ഓഫ് എമിഗ്രൻസ് ഓഫിസുകളിൽനിന്ന് വിവരം ശേഖരിക്കാൻ ഒരുമാസത്തെ സമയം ആവശ്യമാണെന്നാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ഒ.എം. ശാലീന ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരുൾപ്പെട്ട രണ്ടംഗ ബഞ്ചിനെ അറിയിച്ചിരിക്കുന്നത്.
ലക്ഷക്കണക്കിന് യാത്രക്കാരാണ് ഇ.സി.ആര്‍ ഗണത്തില്‍ യാത്ര ചെയ്തത്. 2000ല്‍ 2.43 ലക്ഷം ആളുകളും 2001ല്‍ 2.79 ലക്ഷം പേരും 2002ല്‍ 3.68 ലക്ഷം പേരും 2003ല്‍ 4.66 ലക്ഷം പേരും ഈ വിഭാഗത്തില്‍ യാത്ര ചെയ്തു. പിരിച്ചെടുത്ത തുക അവകാശികൾക്ക് തിരിച്ചുനൽകുകയോ, പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി വിനിയോഗിക്കുകയോ വേണമെന്ന് മാത്തുക്കുട്ടി കടോൺ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.