ദുബൈ: ഏറ്റുമുട്ടുന്നത് കരുത്തരോടാണ്. കിരീടം കൈയിലേന്തിയവരോട്. അതുകൊണ്ടുതന്നെ പ്രതീക്ഷകൾ ഒരുപാടൊന്നുമുണ്ടായിരുന്നില്ല അവർക്ക്. എന്നാലും, യു.എ.ഇയിലെ ഓരോ ഈജിപ്ഷ്യൻ പൗരനും ലോകത്തോടൊപ്പം ആ ചരിത്രപോരാട്ടത്തിന് കൺപാർത്തത് അതിരുകളില്ലാത്ത വിജയമോഹത്തോടെയാണ്. ലയണൽ മെസ്സിക്കുമേൽ മുഹമ്മദ് സലാഹ് കളിയഴകിന്‍റെ വിസ്മയച്ചെപ്പു തുറക്കുന്നതായിരുന്നു അവരുടെ സ്വപ്നങ്ങളിൽ നിറഞ്ഞുനിന്നതത്രയും.
കളി കാൽമണിക്കൂറാകവേ, മർവാൻ ആത്തിയ വലതുവിങ്ങിൽനിന്ന് തൊടുത്തുവിട്ട ക്രോസിൽ യാസർ ഇബ്രാഹിമിന്‍റെ ഹെഡർ അർജന്‍റീന വലതുളച്ചുകയറിയപ്പോൾ യു.എ.ഇയിലെ ഫാൻസോണുകളിലും കഫേകളിലും വീടുകളിലുമൊക്കെ പ്രതീക്ഷകളുടെ അമിട്ടുപൊട്ടി. മെസ്സിയുടെ പെനാൽറ്റി, മുസ്തഫ ഷൊബൈർ ഇടതുവശത്തേക്ക് പറന്നുവീണ് തട്ടിയപ്പോൾ ആവേശം ഇരട്ടിയായി. കേളികേട്ട അർജന്‍റീന നിരയെ വരച്ചവരയിൽനിർത്തി ഈജിപ്ത് ഇരമ്പിയാർക്കാൻ തുടങ്ങിയതോടെ വിജയമോഹങ്ങൾ ഒഴുകിപ്പരന്നു. കടുത്ത അർജന്‍റീന ആരാധകരൊഴികെ യു.എ.ഇയിലെ മറ്റെല്ലാവരും സലാഹിനും കൂട്ടുകാർക്കുംവേണ്ടി ആർപ്പുവിളിച്ചു.
രണ്ടാംപകുതിയിലും ആവേശക്കാഴ്ചകൾ തുടർന്നു. മുസ്തഫ സിക്കോ ലീഡ് ഇരട്ടിയാക്കിയതിന്‍റെ വമ്പൻ ആഹ്ലാദം വാറിലൊടുങ്ങി. അതുപക്ഷേ, ആത്മവിശ്വാസത്തെ ബാധിക്കാതെ അതിലും മൂർച്ചയുള്ളൊരു കൗണ്ടർ അറ്റാക്കിങ്ങിൽ രണ്ടാം ഗോൾ യാഥാർഥ്യമായപ്പോൾ ഈജിപ്ത് വിജയം ഉറപ്പിച്ച പ്രതീതിയായിരുന്നു. കളി അവസാന ഘട്ടത്തിലെത്തിനിൽക്കേ, അർജന്‍റീനക്ക് പുറത്തേക്കുള്ള വഴികാട്ടി ഈജിപ്ത് ചരിത്രത്തിലെ വമ്പൻ അട്ടിമറിക്ക് മിനിറ്റുകൾ മാത്രമകലെ. ദുബൈയിലെ കഫേകൾ ഉൾപ്പെടെ ഈജിപ്തുകാർ കൂട്ടമായി കളി കാണുന്ന ഇടങ്ങളിൽ ആഹ്ലാദം അതിന്‍റെ പരകോടിലെത്തിത്തുടങ്ങുകയായിരുന്നു.
കളി, 11 മിനിറ്റ് ബാക്കിയിരിക്കേ മെസ്സിയുടെ അളന്നുമുറിച്ച ക്രോസിൽ ക്രിസ്ത്യൻ റൊമേറോയുടെ ഹെഡർ ഷൊബൈറിനെ കീഴടക്കിയപ്പോഴും ഈജിപ്തുകാർക്ക് പ്രതീക്ഷയുണ്ടായിരുന്നു. പ്രതിരോധം കനപ്പിച്ച് വിജയം പിടിച്ചടക്കാമെന്ന പ്രതീക്ഷകൾക്കുമേൽ മെസ്സിയുടെ ചാട്ടുളി തുളച്ചുകയറിയതിനു പിന്നാലെ ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസിന്‍റെ ഗോൾ. മനസ്സിൽ നുരപൊന്തിയ ആഹ്ലാദം ഒറ്റയടിക്ക് ഇല്ലാതായിപ്പോയ ഈജിപ്ഷ്യൻ ആരാധകർ തരിച്ചിരുന്നു. റഫറിയുടെ തീരുമാനങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി അവർ രോഷംകൊണ്ടു. അവസാന വിസിൽ മുഴങ്ങുമ്പോൾ വിസ്മയവിജയം കൺമുന്നിൽനിന്ന് ഊർന്നുപോയതിന്‍റെ നൊമ്പരം അവരിൽ അത്രയേറെ ആഴത്തിലുണ്ടായിരുന്നു.
ദുബൈ വേൾഡ് ട്രേഡ് സെന്‍റർ ഫാൻസോണിൽ ബിഗ് സ്ക്രീനിൽ കളി കാണാനെത്തിയവരിൽ ഈജിപ്ത് ആരാധകരായിരുന്നു മുഴുവനും. ആദ്യഗോളിന് ആവേശം അലകടലായ ഇവിടെ ആദ്യപകുതിക്കുശേഷമുള്ള ഇടവേള ആടിയും പാടിയും അവർ ആഘോഷിക്കുകയായിരുന്നു. രണ്ടാംഗോളിൽ വിജയം ഉറപ്പിച്ച് ഉന്മാദത്തിലായ അവർ പക്ഷേ, അന്തിമ വിസിലോടെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളപ്പെട്ടു. തകർന്ന ഹൃദയത്തോടെയാണ് എല്ലാവരും ഫാൻസോൺ വിട്ടുപോയത്. ‘മത്സരശേഷം ആകെ തകർന്നുപോയി. വിജയം ഉറപ്പിച്ചതായിരുന്നു ഞങ്ങൾ. ആദ്യപകുതിയിൽ തികഞ്ഞ മേധാവിത്വം കാട്ടി. എന്നാൽ, റഫറിയുടെ പല തീരുമാനങ്ങളും സംശയാസ്പദമായിരുന്നു. ഈ മത്സരഫലത്തിൽ വളരെ നിരാശയുണ്ട്. പക്ഷേ, ഞങ്ങളുടെ ടീം കാഴ്ചവെച്ച പോരാട്ടവീര്യത്തെയോർത്ത് എക്കാലവും അഭിമാനിക്കും’ -ഈജിപ്ഷ്യൻ ദമ്പതികളായ ഇസ്സാമും ലൈലയും പറഞ്ഞു.
‘അവസാന നിമിഷം വരെ തങ്ങളുടെ പക്കലുള്ളതെല്ലാം നൽകി അവർ പോരാടി. ഞങ്ങൾക്ക് വിജയിക്കാൻ കഴിയാത്തതിൽ തീർച്ചയായും നിരാശയുണ്ട്, പക്ഷേ ഈ ടീം ഞങ്ങളെ അഭിമാനഭരിതരാക്കി. പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിലും, ഞങ്ങൾ ചരിത്രം സൃഷ്ടിച്ചു കഴിഞ്ഞു. ഇത് ഓരോ ഈജിപ്തുകാരനും ആഘോഷിക്കാൻ കഴിയുന്ന ഒന്നാണ്’ -ഇനായ പറഞ്ഞു.
ഈജിപ്തിന്റെ ഈ വീരോചിതമായ പോരാട്ടത്തെ ആദരിക്കുന്നതിനായി യു.എ.ഇയിലെ പ്രമുഖ ഭക്ഷണശാലകളിലൊന്ന് തങ്ങളുടെ വിവിധ ശാഖകളിൽ മത്സരം തത്സമയം സംപ്രേക്ഷണം ചെയ്ത സമയത്ത് ഈജിപ്ത് ജേഴ്സി ധരിച്ചെത്തിയ ആരാധകർക്ക് സൗജന്യമായി ഐസ്ക്രീം വിതരണം ചെയ്തു. അർജന്റീനയെ വിജയത്തിൽ അഭിനന്ദിക്കുന്നതോടൊപ്പം, ‘ഈജിപ്ത് ഇപ്പോഴും വിജയികൾ തന്നെയാണ്’ എന്നാണ് റെസ്റ്റോറന്റ് ഗ്രൂപ് തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചത്.
അർജന്‍റീനയുടെ വല കുലുക്കിയപ്പോൾ ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം
ദുബൈ: ലോകകപ്പ് പ്രീക്വാർട്ടർ ഫൈനലിൽ നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനക്കെതിരെ തകർപ്പൻ പോരാട്ടവീര്യം കാഴ്ചവെച്ച ഈജിപ്ത് ടീമിനെ മുക്തകണ്ഠം പ്രശംസിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ആസ്വാദ്യകരവും മനോഹരവുമായ കളിയിലൂടെ ഈജിപ്ത് ടീം ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയെന്ന് അദ്ദേഹം പറഞ്ഞു. ഈജിപ്ഷ്യൻ ടീം അവസാന നിമിഷം വരെ പോരാടിയെന്നും അവർ എല്ലാ അറബികളുടെയും ഹീറോകളാണെന്നും എക്‌സിലെ തന്റെ പോസ്റ്റിൽ ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
‘ഇന്ന് നമ്മൾ കണ്ടത് ഈജിപ്ഷ്യൻ അറബ് വീര്യത്തിന്റെ പോരാട്ടമാണ്.. ലോക ചാമ്പ്യന്മാർക്കെതിരെ അവസാന നിമിഷം വരെ ഈജിപ്തിന്റെ ഫറോവമാർ പോരാടി.. അവരുടെ ആ ഈജിപ്ഷ്യൻ വീര്യത്തിൽ നമ്മൾ അഭിമാനിക്കുന്നു. ആസ്വാദ്യകരവും മനോഹരവുമായ ഈ മത്സരത്തിന് നമ്മളും ഒപ്പം ലോകവും അവർക്ക് നന്ദി പറയുന്നു.. അടുത്ത തവണ ഇതിലും മികച്ച രീതിയിൽ തിരിച്ചുവരാൻ സാധിക്കട്ടെ.. നിങ്ങൾ ഹീറോകളായി നിങ്ങളുടെ അറബ് ജന്മനാട്ടിലേക്ക് മടങ്ങും.. എല്ലാ അറബികളുടെയും കണ്ണിൽ നിങ്ങൾ എക്കാലവും ഹീറോകളായി തുടരും’ -അദ്ദേഹത്തിന്‍റെ എക്സ് പോസ്റ്റ് ഇതായിരുന്നു.
2026 ലോകകപ്പിൽ ഫറോവമാരുടെ പ്രകടനം അഭിനന്ദനാർഹവും അഭിമാനകരവുമായിരുന്നുവെന്ന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബൈ എയർപോർട്ട് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് ആൽ മക്തൂം പറഞ്ഞു. മികച്ച പോരാട്ടവീര്യവും മനസ്സാന്നിധ്യവും നിറഞ്ഞ പ്രകടനമാണ് ഈജിപ്ത് കാഴ്ചവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച അറ്റ്‌ലാന്റയിൽ നടന്ന മത്സരത്തിൽ അർജന്റീന 3-2ന് ഈജിപ്തിനെ പരാജയപ്പെടുത്തിയാണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. രണ്ടുഗോളിന് പിന്നിട്ടുനിന്ന് തോൽവി മുന്നിൽകണ്ടശേഷം അവസാന നിമിഷങ്ങളിൽ നേടിയ മൂന്ന് ഗോളുകളിലൂടെയാണ് അർജന്റീന തിരിച്ചുവരവ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.