നൂറാ ജാബിർ, മൗഫിദ മൊഹിയുദ്ദീൻ
ദുബൈ: ആ ചൂണ്ടയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് തയാറാക്കിയ കലാസൃഷ്ടിക്ക് യു.എ.ഇയിലെ പ്രശസ്തമായ 'ക്രിസ്റ്റോ ആൻഡ് ജീൻ-ക്ലോഡ്' പുരസ്കാരം നേടി നൂറ ജാബിർ മലയാളത്തിന്‍റെ അഭിമാനമായി. യു.എ.ഇയിലെ ചരിത്രാതീത കാലത്തെ ജനവാസ കേന്ദ്രമായ 'ടെൽ അബ്റാഖി'ൽ നിന്ന് കണ്ടെത്തിയ പുരാതന മത്സ്യബന്ധന ചൂണ്ടകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് തയാറാക്കിയ 'എവരിഡേ ആർട്ടിഫാക്റ്റ്സ്' എന്ന കലാസൃഷ്ടിക്കാണ് ഈ വർഷത്തെ 'ക്രിസ്റ്റോ ആൻഡ് ജീൻ-ക്ലോഡ്' പുരസ്കാരം ലഭിച്ചത്. യു.എ.ഇയിലെ യുവ കലാപ്രതിഭകൾക്ക് സമ്മാനിക്കുന്ന പുരസ്കാരമാണ് നൂറ ജാബിറും തമിഴ്നാട്ടുകാരിയായ മൗഫീദ മൊഹിയുദ്ദീനും ചേർന്ന് സ്വന്തമാക്കിയത്. ഉമ്മുൽ ഖുവൈനും ഷാർജക്കും ഇടയിലുള്ള പ്രദേശമാണ് ടെൽ അബ്റാഖ്.
കണ്ണൂർ തളിമ്പറമ്പിനടുത്ത് പുഷ്പഗിരി സ്വദേശിനിയാണ് നൂറ ജാബിർ. കുടുംബത്തോടൊപ്പം ഉമ്മുൽ ഖുവൈനിലാണ് താമസം. ഗവണ്മെന്‍റ് ആശുപത്രിയിൽ ഡോക്ടറായ അഹമ്മദ് ജാബിറിന്‍റെയും ഹസ്ന ഹംസ ലായിന്റെയും മകളാണ്. സഹോദരങ്ങളായ നവൽ ജാബിറും റാസിൻ ജാബിറും വിദ്യാർഥികളാണ്.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് യു.എ.ഇയിൽ ജീവിച്ചിരുന്ന മനുഷ്യരുടെ ഉപജീവനമാർഗങ്ങളെയും അവർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളെയും ഇന്നത്തെ കാലവുമായി ബന്ധിപ്പിക്കുന്നതാണ് 'എവരിഡേ ആർട്ടിഫാക്റ്റ്സ്'. സാധാരണ വസ്‌തുക്കൾക്ക് എങ്ങനെ സാംസ്കാരികപരമായ ഓർമകളെയും ചരിത്രത്തെയും നിലനിർത്താൻ കഴിയുമെന്ന് ഈ കലാസൃഷ്ടി ഓർമിപ്പിക്കുന്നുവെന്ന് അബുദാബി മ്യൂസിക് ആൻഡ് ആർട്സ് ഫൗണ്ടേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. യു.എ.ഇയിലെ മനുഷ്യരും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെയും, തലമുറകളായി അവരുടെ ജീവിതത്തെ സ്വാധീനിച്ച ഉപകരണങ്ങളെയും പര്യവേക്ഷണം ചെയ്യുന്ന ഈ നിർമിതി, പണ്ടും ഇന്നുമുള്ള ജീവിതരീതികളെ പരസ്പരം ബന്ധിപ്പിക്കുന്നു.
ഗവേഷണത്തെ അടിസ്ഥാനമാക്കി തയാറാക്കിയ ഈ പ്രോജക്റ്റ്, യു.എ.ഇയിലെ കലാവിദ്യാഭ്യാസ മേഖല വികാസം പ്രാപിക്കുന്നുവെന്നതിന്‍റെ മികച്ച തെളിവാണ്. 2024ൽ എൻ.വൈ.യു അബൂദബിയിൽനിന്ന് ബിരുദം നേടിയ നൂറ ജാബിറും അതേവർഷം ഷാർജ സർവകലാശാലയിൽനിന്ന് പഠിച്ചിറങ്ങിയ മൗഫിദ മൊഹിയുദ്ദീീനും പുരാവസ്തു ഗവേഷണം, പരിസ്ഥിതി എന്നിവയെ കേന്ദ്രീകരിച്ചാണ് കലാപരമായ നിർമിതികൾ രൂപപ്പെടുത്തുന്നത്. ആർക്കിടെക്ചർ മേഖലക്ക് പുറത്തുനിന്നുള്ള ഫൈൻ ആർട്സ് വിദ്യാർഥികൾ ഇത്തരം വലിയ പുരസ്കാരങ്ങളിലേക്ക് കടന്നുവരുന്നത് യു.എ.ഇയിലെ കലാരംഗത്തുണ്ടാകുന്ന മാറ്റത്തെ കാണിക്കുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ശൈഖ ശംസ ബിൻത് ഹംദാൻ ആൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ ന്യൂയോർക്ക് യൂനിവേഴ്സിറ്റി അബൂദബിയും അബൂദബി മ്യൂസിക് ആൻഡ് ആർട്സ് ഫൗണ്ടേഷനും ചേർന്നാണ് 'ക്രിസ്റ്റോ ആൻഡ് ജീൻ-ക്ലോഡ്' പുരസ്കാരം നൽകുന്നത്. യു.എ.ഇയിലുടനീളമുള്ള വളർന്നുവരുന്ന കലാകാരന്മാർക്ക് മികച്ച വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ 2013 മുതൽ വർഷംതോറും നൽകിവരുന്നതാണ് ക്രിസ്റ്റോ ആൻഡ് ജീൻ-ക്ലോഡ് അവാർഡ്. പതിനാലാമത് പതിപ്പാണ് ഇക്കുറി പ്രഖ്യാപിച്ചത്. പുതിയ കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ പുറത്തെടുക്കാനുള്ള മികച്ച അവസരമാണ് ഇത് നൽകുന്നത്. അവാർഡിന് അർഹമായ കലാസൃഷ്ടി വരുന്ന നവംബർ, ഡിസംബർ മാസങ്ങളിൽ അബൂദബി ആർട്, എൻ.വൈ.യു അബൂദബി, ഉമ്മുൽ ഇമാറാത്ത് പാർക്ക് എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.