വ്യാജ ഉൽപന്നവേട്ട: 30 ലക്ഷം ഉൽപന്നങ്ങൾ പിടിച്ചെടുത്ത്​ നശിപ്പിച്ചു 

ദുബൈ: പ്രമുഖ ബ്രാൻറുകളുടെ ഉൽപന്നങ്ങളെ അനുകരിച്ച് വ്യാജമായി നിർമിച്ച് വിതരണത്തിനൊരുക്കിയ ഗോഡൗണുകളിൽ ദുബൈ സാമ്പത്തിക വികസന വകുപ്പി​െൻറ (ഡി.ഇ.ഡി)മിന്നൽ പരിശോധന. 30 ലക്ഷം ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഫോൺ, ഫോണി​െൻറ അനുബന്ധ വസ്തുക്കൾ, ബാഗുകൾ, തുണിത്തരങ്ങൾ, പ്രിൻറർ,സൗന്ദര്യ വർധന വസ്തുക്കൾ, കോൺടാക്ട് ലെൻസുകൾ, വാച്ചുകൾ എന്നിവയാണ് കണ്ടെത്തിയതിൽ ഏറെയും.ഒരു ഗോഡൗണിൽ മാത്രം പത്തു ലക്ഷം പീസുകളാണ് സൂക്ഷിച്ചിരുന്നത്. ഒരിടത്ത് അന്തർദേശീയ പ്രശസ്തമായ സുഗന്ധ ദ്രവ്യ ബ്രാൻറുകളുടെ വ്യാജനാണ് സൂക്ഷിച്ചിരുന്നത്. സൂചന ലഭിച്ചതിനെ തുടർന്ന്  48 മണിക്കൂർ നീണ്ടു നിന്ന തെരച്ചിലിലൂടെയാണ് വ്യാജ വസ്തുക്കൾ പിടികൂടി നശിപ്പിച്ചത്. അന്വേഷണത്തിന് 14 ദിവസം വേണ്ടി വന്നുവെന്നും ബൗദ്ധിക സ്വത്തവകാശ വിഭാഗം ഡയറക്ടര്‍ ഇബ്രാഹിം ബെഹ്സാദ് അറിയിച്ചു
ഡി.ഇ.ഡി കർശന നടപടികൾ സ്വീകരിച്ചുപോരുന്ന പശ്ചാത്തലത്തിൽ പുതിയ ചില തന്ത്രങ്ങളാണ് വ്യാജൻമാർ ഇപ്പോൾ പയറ്റുന്നത്. വസ്തുക്കൾ വിവിധ ഭാഗങ്ങളായി ഇറക്കുമതി ചെയ്ത് ഇവിടെയെത്തിച്ച് കൂട്ടിച്ചേർക്കുകയാണ് രീതി. എളുപ്പം എത്തിച്ചേരാനാവാത്ത സ്ഥലങ്ങളിലാണ് അവ സംഭരിക്കുന്നത്. എന്നാൽ ആഗോള ബ്രാൻറുകളുടെ ഉൽപന്നങ്ങളെക്കുറിച്ച് കൃത്യമായ പരീശീലനം പരിശോധനാ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ളതിനാൽ വ്യാജ ഉൽപന്നങ്ങൾ തിരിച്ചറിയാൻ കഴിയും. 
ട്രേഡ്മാര്‍ക്കും ബൗദ്ധിക സ്വത്തവകാശവും സംരക്ഷിക്കുന്നതിനും ലോകത്തെ ഏറ്റവും മികച്ച ബ്രാന്‍റുകള്‍ വന്നുചേരുന്ന ആഗോള വ്യാപാര കേന്ദ്രമെന്ന വിശ്വസ്തത നിലനിര്‍ത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് നിലവാരമുള്ള യഥാര്‍ഥ ഉല്‍പന്നങ്ങള്‍ ഉറപ്പാക്കുന്നതിനുമാണ് ഡി.ഇ.ഡിയുടെ ശ്രമങ്ങളെന്ന് അധികൃതർ വ്യക്തമാക്കി. 

News Summary - uae crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.