മയക്കുമരുന്ന്: മൂന്ന് മാസത്തിനിടെ  അറസ്റ്റിലായത് 30 പ്രതികള്‍

അബൂദബി: കഴിഞ്ഞ വര്‍ഷം അവസാന മൂന്ന് മാസത്തില്‍ 17 മയക്കുമരുന്ന് കടത്ത് കേസുകളിലായി 30 പ്രതികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. 38 ലക്ഷം മയക്കുമരുന്ന് ഗുളികകളും 21.5 കിലോഗ്രാം മറ്റു ലഹരിപദാര്‍ഥങ്ങളുമാണ് ഇക്കാലയളവില്‍ പിടികൂടിയത്. 
കുട്ടികളുടെ പ്ളാസ്റ്റിക് ഊഞ്ഞാലിനകത്ത് പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 30 ലക്ഷം മയക്കുമരുന്ന് ഗുളികകളും ഇതില്‍ ഉള്‍പ്പെടുന്നു.
ഫെഡറല്‍ തലത്തില്‍ സുരക്ഷാ സംവിധാനമെന്ന ലക്ഷ്യം നേടുന്നതിനുള്ള മന്ത്രാലയത്തിന്‍െറ കഴിവാണ് ഈ നേട്ടങ്ങളില്‍ പ്രതിഫലിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മയക്കുമരുന്ന് വിരുദ്ധ ഫെഡറല്‍ ഡയറക്ടറേറ്റ് ജനറലിന്‍െറ ഡയറക്ടര്‍ ജനറല്‍ കേണല്‍ സഈദ് അബ്ദുല്ല ആല്‍ സുവൈദി പറഞ്ഞു. ലഹരി അടിമത്വത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നതില്‍നിന്ന് യുവാക്കളെ സംരക്ഷിക്കാനുള്ള യത്നവും ഇതിലുണ്ട്. മയക്കുമരുന്ന് കേസുകള്‍ തെളിയിക്കാനുള്ള അക്ഷീണ പ്രയത്നത്തിലാണ് മയക്കുമരുന്ന് വിരുദ്ധ വകുപ്പിലെ പ്രത്യേക സംഘം. സംശയിക്കപ്പെടുന്നവരെ പൊലീസിന്‍െറ സഹായത്തോടെ വിവിധ എമിറേറ്റുകളില്‍നിന്ന് പിടികൂടാന്‍ സംഘത്തിന് സാധിച്ചിട്ടുണ്ട്. മയക്കുമരുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിക്കുന്ന കപ്പല്‍ചരക്കുകള്‍ വകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കുന്നതായും കേണല്‍ സഈദ് അബ്ദുല്ല ആല്‍ സുവൈദി അറിയിച്ചു.

News Summary - uae crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.