ദുബൈ: രാജ്യത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് തെറ്റിദ്ധാരണ പരത്തുന്നതായി കണ്ടെത്തിയ 20ലധികം പരസ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയമാണ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിവെക്കാൻ നിർദേശിച്ചത്.
ജൂൺ മുതൽ സെപ്റ്റംബർ വരെ 118 വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളുടെ 2,500 ലധികം ഡിജിറ്റൽ പരസ്യങ്ങളാണ് മന്ത്രാലയം സൂക്ഷ്മമായി വിലയിരുത്തിയത്. സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു പരസ്യങ്ങളുടെ വിലയിരുത്തൽ.
രാജ്യത്തുടനീളം ലഭിക്കുന്ന ഉന്നത, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിപാടികളുടെ ഗുണനിലവാരം ഉയർത്തിപ്പിടിക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്നതും മാനദണ്ഡങ്ങൾ പാലിക്കാതെയും നടത്തുന്ന പരസ്യങ്ങളിൽ നിന്ന് വിദ്യാർഥികളെ സംരക്ഷിക്കുന്നതിനുമായി മന്ത്രാലയം നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പരസ്യങ്ങളുടെ ഉള്ളടക്കങ്ങൾ വിലയിരുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
ഭൂരിഭാഗം പരസ്യങ്ങളും നിയമങ്ങളും നിശ്ചിത മാനദണ്ഡങ്ങളും പാലിച്ചാണ് പ്രസിദ്ധീകരിക്കുന്നതെന്ന് പരിശോധനയിൽ വ്യക്തമായി. നിയമങ്ങളും നിയന്ത്രണ ചക്കൂട്ടുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വിവിധ പ്രോഗ്രാമുകളുടെ നിലവാരം വിലയിരുത്തുന്നതിനുമായി ഇക്കഴിഞ്ഞ സെപ്റ്റംബറിന്റെ തുടക്കത്തിൽ 67 പരിശോധന സന്ദർശനങ്ങൾ നടത്തിയിരുന്നതായും മന്ത്രാലയം വ്യക്തമാക്കി.
അംഗീകാരമുള്ള സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസ, പ്രഫഷനൽ പ്രോഗ്രാമുകളുടെ ഗുണിനിലവാരം നിലനിർത്തുന്നതിൽ നിയന്ത്രണ ചട്ടക്കൂടുകൾ സുപ്രധാന പങ്കുവഹിക്കുന്നതായി ഹയർ എജുക്കേഷൻ റെഗുലേഷൻ ആൻഡ് ഗവേണൻസ് സെക്ടർ അണ്ടർ സെക്രട്ടറി തായിഫ് മുഹമ്മദ് അലംറി പറഞ്ഞു. ഡിജിറ്റൽ ഉപകരണങ്ങൾ, ഫീൽഡ് സന്ദർശനം, പങ്കാളികളുടെ ഫീഡ് ബാക്കുകൾ എന്നിവയിലൂടെ നിരീക്ഷണ നടപടികൾ തുടരും.
യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അകാദമികവും പ്രഫഷനൽ നിലവാരത്തിലുമുള്ള പൊതുജന വിശ്വാസം ഇത്തരം ശ്രമങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അഡ്മിഷൻ നേടുന്നതിന് മുമ്പ് കമ്മിഷൻ ഫോർ അകാദമിക് അക്രഡിറ്റേഷ (സി.എ.എ)നിൽ നിന്ന് ലൈസൻസുണ്ടെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേടിയിട്ടുണ്ടോ എന്ന് വിദ്യാർഥികളും രക്ഷിതാക്കളും ഉറപ്പുവരുത്തണം. www.mohesr.gov.ae എന്ന വെബ്സൈറ്റ് വഴിയോ 800511 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ ഇക്കാര്യം ഉറപ്പുവരുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.