അബൂദബി: 2024നെ അപേക്ഷിച്ച് 2025ല്‍ പുതിയ ഇക്കോണമിക് ലൈസന്‍സുകളുടെ എണ്ണത്തില്‍ 29 ശതമാനം വര്‍ധനയുണ്ടായതായി അബൂദബി രജിസ്ട്രേഷന് അതോറിറ്റി. പുതുക്കിയ ലൈസന്‍സുകളുടെ എണ്ണം 20 ശതമാനവും വര്‍ധിച്ചു.
സജീവ ലൈസന്‍സുകളുടെ എണ്ണത്തില്‍ 2025ല്‍ 13.5 ശതമാനവും വര്‍ധനയുണ്ടായി. കാലാവധി കഴിഞ്ഞ ഇക്കോണമിക് ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നതും പുതിയ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ലൈസന്‍സുകള്‍ അനുവദിച്ചതുമടക്കം അബൂദബി രജിസ്ട്രേഷന് അതോറിറ്റി സ്വീകരിച്ച നടപടികളാണ് ഇതിനു സഹായകമായത്. വ്യവസായ ലൈസന്‍സുകള്‍ 20 ശതമാനവും ടൂറിസം 10 ശതമാനവും താമസ രംഗത്ത് 122 ശതമാനവും പ്രഫഷനല്‍ രംഗത്ത് 28 ശതമാനവും വാണിജ്യരംഗത്ത് 28 ശതമാനവും കാര്‍ഷിക, മത്സ്യബന്ധന, കന്നുകാലി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ രംഗങ്ങളുമായി ബന്ധപ്പെട്ട ലൈസന്‍സുകളില്‍ 12 ശതമാനം വീതവും വര്‍ധന 2024നെ അപേക്ഷിച്ച് 2025ല്‍ ഉണ്ടായി. മേഖല അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ അല്‍ ഐന്‍ 29 ശതമാനം, അല്‍ ദഫ്റ 16 ശതമാനം, അബൂദബി സിറ്റി 31 ശതമാനം എന്നിങ്ങനെയാണ് സാമ്പത്തിക ലൈസന്‍സുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന.
നിക്ഷേപകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ബിസിനസ് മേഖലയെ തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക, അന്തര്‍ദേശീയ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത തങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നുവെന്ന് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍ മന്‍സൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.