ദുബൈ: ഗസ്സയിലേക്ക് സഹായ സാമഗ്രികൾ വഹിച്ചെത്തിയ യു.എ.ഇ ട്രക്കുകൾ കൊള്ളയടിക്കപ്പെട്ടതായി റിപ്പോർട്ട്. ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്തുവെച്ചാണ് സംഭവം. കടുത്ത ഭക്ഷ്യപ്രതിസന്ധി നേരിടുന്ന ഗസ്സയിലേക്ക് യു.എ.ഇയുടെ 24 ട്രക്കുകളാണ് പ്രവേശിച്ചത്.
ഇതിൽ ഒന്നു മാത്രമേ ലക്ഷ്യസ്ഥാനത്തെത്തിയുള്ളൂ എന്നാണ് ഗസ്സയിൽ പ്രവർത്തിക്കുന്ന ദൗത്യസംഘം പറയുന്നത്. ഗസ്സയിലെ യു.എ.ഇയുടെ ദുരിതാശ്വാസ പ്രവർത്തന ദൗത്യ സംവിധാനമായ ഓപറേഷൻ ഗാലന്റ് നൈറ്റ് 3യാണ് ഈ വിവരം പ്രസ്താവനയിലൂടെ അറിയിച്ചത്. സുരക്ഷിതമല്ലാത്ത വഴികളിലൂടെ യാത്ര ചെയ്യാൻ നിർബന്ധിക്കുന്ന സാഹചര്യമാണുള്ളതെന്ന് ദൗത്യസംഘം കുറ്റപ്പെടുത്തി.
ദുരിതബാധിതർക്കുള്ള ഭക്ഷ്യവസ്തുക്കളുമായി 103 യു.എ.ഇ ട്രക്കുകൾ ഗസ്സ അതിർത്തിയിൽ സജ്ജമാണ്. എന്നാൽ, ഇവയിൽ 24 എണ്ണത്തിനു മാത്രമാണ് ഇസ്രായേൽ സേന ഗസ്സയിലേക്ക് അനുമതി നൽകിയത്.
ഈ ട്രക്കുകളിലെ വസ്തുക്കളാണ് കവർച്ച ചെയ്യപ്പെട്ടത്. ഭക്ഷ്യപ്രതിസന്ധി മറികടക്കാൻ കഴിഞ്ഞ ദിവസം യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ഇസ്രായേൽ വിദേശകാര്യമന്ത്രി ഗിഡിയോൺ സാറുമായി ഫോൺ വഴി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗസ്സയിലേക്ക് ഭക്ഷ്യവിഭവങ്ങൾ എത്തിക്കാനുള്ള വഴി തുറന്നുകിട്ടിയത്.
തിങ്കളാഴ്ച മുതൽ ഭക്ഷണവും മരുന്നുമായി 305 ട്രക്കുകൾ കെറോം ഷാലോം അതിർത്തി വഴി ഗസ്സയിൽ പ്രവേശിച്ചു എന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. എല്ലാ ദിവസവും 500-600 ട്രക്ക് സഹായമെങ്കിലും നിലവിലെ സ്ഥിതിയിൽ ഗസ്സക്ക് ആവശ്യമാണ് എന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.