ദുബൈ: ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ), ഷാർജയുടെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി ഏകോപിപ്പിച്ച് ദുബൈക്കും ഷാർജക്കുമിടയിൽ രണ്ടു ബസ് സർവിസ് പുനരാരംഭിക്കുന്നു. ഞായറാഴ്ച മുതൽ എമിറേറ്റുകൾക്കിടയിൽ ഇ 306, ഇ307 റൂട്ടുകളിലായി രണ്ടു ഇൻറർസിറ്റി ബസുകൾ ഓടിത്തുടങ്ങുമെന്ന് ആർ.ടി.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇ 306 റൂട്ടിലെ ബസുകൾ ദുബൈ അൽ ഗുബൈബ ബസ് ഡിപ്പോയിൽ നിന്ന് യാത്ര തുടങ്ങി അൽ മംസാർ വഴി ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക് സർവിസ് നടത്തും. ഈ റൂട്ടിലേക്കായി ആറ് ഡബ്ൾ ഡെക്ക് ബസുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ദുബൈ ദേര സിറ്റി സെൻറർ ബസ് സ്റ്റേഷനിൽ നിന്ന് അൽ ഇത്തിഹാദ് റോഡ് വഴി ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്കുള്ള ബസ് സർവിസ് ഇ-307 റൂട്ടിലൂടെ കടന്നുപോകും. 20 മിനിറ്റായിരിക്കും ആകെ യാത്രാദൈർഘ്യം. ഇതിനായി ആറ് ഡബ്ൾ ഡെക്ക് ബസുകൾ വിന്യസിച്ചിട്ടുണ്ട്. ഈ റൂട്ടിൽ പ്രതിദിനം 1,500 യാത്രക്കാർക്ക് സേവനം ലഭിക്കുമെന്നാണ് കരുതുന്നത്. ഞായറാഴ്ച മുതൽ ആർ.ടി.എ മറ്റ് രണ്ട് ഇൻറർസിറ്റി ബസുകൾ സർവിസുകളുടെ റൂട്ട് മാറ്റുന്നുണ്ട്. ഇ 307 എ, ഇ 400 റൂട്ടുകളിലെ ബസുകൾ അൽ ഇത്തിഹാദ് റോഡിന് പകരം അൽ മംസാർ വഴി സർവിസ് ആരംഭിക്കും. കോവിഡ് വ്യാപനം ചെറുക്കുന്നതിന് പൊതുഗതാഗത സംവിധാനങ്ങളിൽ എല്ലാ മുൻകരുതലും ഉറപ്പുവരുത്തിയതായി ആർ.ടി.എ അറിയിച്ചു. ദുബൈ, ഇൻറർസിറ്റി ബസ് സർവിസുകളിലെ യാത്രക്കാർ ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ മുൻകരുതൽ പാലിക്കണമെന്നും ആർ.ടി.എ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.