അബൂദബി: ഒരു യൂറോപ്യൻ രാജ്യത്ത് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ രണ്ട് യു.എ.ഇ യുവതികൾ പുരുഷന്മാരായി അംഗീകരിക്കണം എന്നാവശ്യപ്പെട്ട് അബൂദബി ഫെഡറൽ കോടതിയെ സമീപിച്ചു. 22ഉം 23ഉം വയസ്സുള്ള യുവതികളാണ് സർക്കാർ രേഖകളിൽ തങ്ങളുടെ പേരും ലിംഗവും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകിയത്.
കാലുകളിലടക്കം രോമവളർച്ചയും വലിയ ശബ്ദവും ഉൾപ്പെടെ നിരവധി പുരുഷ ലക്ഷണങ്ങളുണ്ടായിരുന്ന ഇൗ യുവതികൾ യൂറോപ്യൻ രാജ്യത്ത് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായതായി അവരുടെ അഭിഭാഷകൻ അലി ആൽ മൻസൂറി അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ ശിപാർശ ചെയ്യുന്ന നിരവധി വൈദ്യ റിപ്പോർട്ടുകൾ ഇവർക്ക് ലഭിച്ചിട്ടുണ്ട്. സർക്കാർ രേഖകളിൽ പേരും ലിംഗവും മാറ്റാനുള്ള അനുമതി ലഭിക്കുകയാണ് ഇനി വേണ്ടത്. ചെറുപ്രായത്തിൽ തന്നെ തങ്ങൾ പുരുഷന്മാരാണെന്ന് തോന്നിയിരുന്നതായി യുവതികൾ പറയുന്നു. വിവിധ വിദഗ്ധ മെഡിക്കൽ സംഘങ്ങൾ പരിശോധിച്ച് ഇൗ യുവതികൾക്ക് ജൈവശാസ്ത്രപരമായ പ്രശ്നങ്ങളുണ്ടെന്നും അത് അവരെ മാനസികമായി ബാധിക്കുന്നുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
കോടതി തന്നെ മെഡിക്കൽ കമ്മിറ്റിയെ നിയോഗിച്ചിരുന്നുവെന്നും യുവതികൾ ലിംഗമാറ്റ ശസ്ത്രക്രിയക്ക് യോഗ്യരാണെന്ന റിപ്പോർട്ടാണ് കമ്മിറ്റി നൽകിയതെന്നും അലി ആൽ മൻസൂറി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം പ്രാബല്യത്തിലായ ഫെഡറൽ നിയമം 4/2016 അവശ്യ ഘട്ടങ്ങളിൽ ലിഗമാറ്റത്തിന് അനുമതി നൽകുന്നുണ്ട്. ലിംഗമാറ്റം ആവശ്യമുണ്ടെന്ന് വിദഗ്ധ മെഡിക്കൽ കമ്മിറ്റിയുടെ റിപ്പോർട്ട് ഇതിന് ആവശ്യമാണ്.
2016 സെപ്റ്റംബറിൽ ഒരു യു.എ.ഇ വനിത ലിംഗമാറ്റ ശസ്ത്രക്രിയക്ക് അനുമതി തേടി അബൂദബി കോടതിയെ സമീപിച്ചിരുന്നു. ഇൗ ഹരജിയിൽ ഇപ്പോഴും തീരുമാനമുണ്ടായിട്ടില്ലെന്ന് അലി ആൽ മൻസൂറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.