ദുബൈ: എമിറേറ്റിലെ വിസ അപേക്ഷ-സേവന കേന്ദ്രമായ ആമർ സെന്ററുകളിലെ കാര്യക്ഷമത ഉയർത്തുന്നതിനുള്ള പരിശീലന പദ്ധതിക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേസ് അഫയേഴ്സ് (ജി.ടി.ആർ.എഫ്.എ) തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ആദ്യ സമഗ്ര പരിശീലന ടൂൾകിറ്റ് പുറത്തിറക്കി. കേന്ദ്രങ്ങളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതും ജീവനക്കാർക്ക് അവബോധം നൽകുന്നതുമാണ് ലക്ഷ്യം. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പുതുതായി നിയമിതരായ 80 ശതമാനം ആമർ സെന്റർ ജീവനക്കാർക്ക് ഇതിനകം പരിശീലനം നൽകിയിട്ടുണ്ട്. നടപടിക്രമങ്ങൾ, പെരുമാറ്റ രീതികൾ, നിയമപരമായ കാര്യങ്ങൾ എന്നിവയാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സേവന രംഗത്ത് പാലിക്കേണ്ട മര്യാദകൾ, സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, രേഖകൾ സമർപ്പിക്കേണ്ട രീതി, പുതിയ ഇൻഡെക്സിങ് സംവിധാനം, ഭരണപരമായ നിയമലംഘനങ്ങൾ, പിഴകൾ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുമെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്നതും പ്രായോഗികവുമായ രീതിയിലാണ് ഈ വിവരങ്ങൾ തയാറാക്കിയിരിക്കുന്നത്.
ജീവനക്കാരെ ശാക്തീകരിക്കുന്നതിലൂടെയാണ് സേവന നിലവാരം ഉയർത്താനാകുകയെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. പരിശീലന കിറ്റ് ഒരു പഠനോപകരണം എന്നതിലുപരി, ജി.ഡി.ആർ.എഫ്.എയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായ ഒരു മൂല്യാധിഷ്ഠിതവും പ്രഫഷനലുമായ സംസ്കാരം വളർത്തുന്നതിനുള്ള ചുവടുവെപ്പാണെന്ന് എൻട്രി ആൻഡ് റെസിഡൻസ് പെർമിറ്റ്സ് വിഭാഗം ഡയറക്ടർ ജനറൽ അസിസ്റ്റന്റ് ബ്രിഗേഡിയർ ജനറൽ ഖലഫ് അഹ്മദ് അൽ ഗൈത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.