ദുബൈ ട്രാഫിക് പൊലീസ് പിടികൂടിയ വാഹനങ്ങൾ
ദുബൈ: പിഴ കുടിശ്ശിക ഉൾപ്പെടെ ഒന്നിലധികം ട്രാഫിക് നിയമലംഘനങ്ങളിൽ ഉൾപ്പെട്ട 28 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ ട്രാഫിക് പൊലീസ്. വർഷങ്ങളായി രജിസ്ട്രേഷൻ പുതുക്കാത്ത വാഹനങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുമെന്ന് ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ പറഞ്ഞു. യു.എ.ഇയിലെ നിയമമനുസരിച്ച് ട്രാഫിക് പിഴ 6,000 ദിർഹത്തിൽ കൂടുതലുള്ള വാഹനങ്ങൾ പിടിച്ചെടുക്കും. പിഴത്തുക കുടിശ്ശിക വരുത്തുന്നത് കടുത്ത നിയമലംഘനമാണ്. ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ രൂപകൽപന ചെയ്തിരിക്കുന്ന മാർഗനിദേശങ്ങളെയും നിയമങ്ങളെയും അപമാനിക്കുന്നതാണ് ഇത്തരം നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ പൊലീസ് ആപ്ലിക്കേഷൻ വഴി പിഴത്തുക അടക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. നിയമലംഘനങ്ങളിൽ ഉൾപ്പെട്ട വാഹന ഉടമകളുമായി ടെക്സ്റ്റ് മെസേജിലൂടെയും സ്മാർട്ട് സംവിധാനങ്ങളിലൂടെയും പൊലീസ് നേരിട്ട് ബന്ധപ്പെട്ട് വിഷയം പരിഹരിക്കാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മുന്നറിയിപ്പുകൾ മുഖവിലക്കെടുക്കാതെ റോഡിലിറങ്ങിയ വാഹനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധന കാമ്പയ്നിൽ പൊലീസ് പിടികൂടിയത്.
ഈ വർഷം ആദ്യ പകുതിയിൽ, ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ 1,287 വാഹനങ്ങൾ പിടികൂടിയതായി ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ദുബൈ പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഇതേ കാലയളവിൽ വാണിജ്യ, വ്യവസായ, താമസയിടങ്ങളിലുള്ള 6,187 വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. വൃത്തിയാക്കാതെ പൊതുസ്ഥലങ്ങളിൽ അനിശ്ചിതമായി വാഹനം നിർത്തിയിട്ടാൽ 5,00 ദിർഹമാണ് പിഴ ചുമത്തുക. അനധികൃതമായി വാഹനങ്ങളുടെ ഘടനയിൽ മാറ്റം വരുത്തിയ 100 കാറുകളും 40 ബൈക്കുകളും ഷാർജ പൊലീസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.