ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയും തുംബെ ഗ്രൂപ്പും ചേർന്ന് അവതരിപ്പിച്ച ‘തുംബെ ഇന്റർനാഷനൽ റിസർച് ഗ്രാൻറ് 2025-26ന്റെ രണ്ടാം ഘട്ടം പ്രഖ്യാപിക്കുന്ന ചടങ്ങിൽ തുംബെ ഗ്രൂപ് ചെയർമാൻ ഡോ. തുംബെ മൊയ്തീനും മറ്റു പ്രതിനിധികളും
അജ്മാൻ: അന്താരാഷ്ട്ര ഗവേഷണ രംഗത്ത് പുതിയ മാതൃക സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയും തുംബെ ഗ്രൂപ്പും ചേർന്ന് പ്രഖ്യാപിച്ച ‘തുംബെ ഇന്റർനാഷനൽ റിസർച് ഗ്രാൻറ് 2025-26ന്റെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. ആകെ 30 ലക്ഷം ദിർഹമിന്റെ സഹായമാണ് രണ്ടാം ഘട്ടത്തിൽ അനുവദിച്ചിരിക്കുന്നത്.
ലോകമെമ്പാടുമുള്ള ഗവേഷകർക്ക് നവീനത, തെളിവുകൾ അടിസ്ഥാനമാക്കിയ രീതിശാസ്ത്രം, അന്തർവിജ്ഞാന സഹകരണം എന്നിവയിൽ വേരൂന്നിയ നിർദേശങ്ങൾ ഗ്രാൻറിനായി സമർപ്പിക്കാം. പ്രിസിഷൻ ഓങ്കോളജി, ഡ്രഗ് ഡിസ്കവറി, മെഡിസിനിലുള്ള എ.ഐ ആപ്ലിക്കേഷനുകൾ, പബ്ലിക് ഹെൽത്ത്, ഹെൽത്ത് ഇക്കണോമിക്സ്, വെറ്ററിനറി മെഡിസിൻ, മെഡിക്കൽ വിദ്യാഭ്യാസത്തിലെ പുതുമകൾ തുടങ്ങിയ മേഖലകളിൽ അധിഷ്ഠിതമായ, വൈദഗ്ധ്യപരവും ഇന്റർഡിസിപ്ലിനറി സഹകരണവും ഉൾക്കൊള്ളുന്നതാവണം ഗവേഷണങ്ങൾ. 2025 നവംബർ 30നാണ് പദ്ധതി നിർദേശങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുകൾക്കുമായി www.gmu.ac.ae സന്ദർശിക്കാം. ഈ ഗ്രാൻറ് ശാസ്ത്ര സമൂഹത്തോടുള്ള ഒരു ചിറകാണെന്നും ലബോറട്ടറികളിൽ മാത്രം ഒതുങ്ങാതെ ക്ലിനിക്കുകളിലേക്കും സമൂഹത്തിലേക്കും വ്യാപിക്കുന്ന പരീക്ഷണങ്ങളും കണ്ടെത്തലുകളും രൂപപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും തുംബെ ഗ്രൂപ് സ്ഥാപകൻ ഡോ. തുംബെ മൊയ്തീൻ പറഞ്ഞു.
ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയെ ഒരു ഗവേഷണാധിഷ്ഠിത സർവകലാശാലയായി മാറ്റിയെടുക്കുകയും യു.എ.ഇയെ റിസർച് ആൻഡ് ഇന്റർനാഷനൽ ഇന്നവേഷൻ ഹബായി മാറ്റുകയും ചെയ്യുകയാണ് ലക്ഷ്യം. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഗ്രാൻറിന്റെ മൊത്തം തുക 10 ദശലക്ഷം ദിർഹമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.