ദുബൈ: സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നഗരത്തിൽ മൂന്ന് സംയോജിത ട്രക്ക് വിശ്രമ കേന്ദ്രങ്ങൾ കൂടി വികസിപ്പിക്കുന്നതിന് നിർമാണ കരാർ നൽകി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ജബൽ അലി, ദുബൈ ഇൻഡസ്ട്രിയൽ സിറ്റിക്ക് സമീപത്തുള്ള സാലിഹ് സുഹൈബ, എമിറേറ്റ്സ് റോഡിലെ മദീനത്ത് ഹിന്ദ് 2 എന്നിവിടങ്ങളിലാണ് പുതിയ ട്രക്ക് വിശ്രമ കേന്ദ്രം വികസിപ്പിക്കുന്നത്. ആകെ 2.10 ലക്ഷം ചതുശ്ര മീറ്റർ വിസ്തൃതിയിൽ വികസിപ്പിക്കുന്ന മൂന്ന് വിശ്രമ കേന്ദ്രങ്ങളിലായി 490 ഹെവി ട്രക്കുകൾക്ക് വിശ്രമിക്കാൻ സൗകര്യമുണ്ടാവും. ഒരു ലക്ഷം ചതുരശ്ര മീറ്ററാണ് ജബൽ അലിയിലെ ട്രക്ക് വിശ്രമ കേന്ദ്രത്തിന്‍റെ വിസ്ത്രീർണം. ഇവിടെ 250 ട്രക്കുകൾക്ക് ഒരേ സമയം പാർക്ക് ചെയ്യാനാവും.
51,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന സാലിഹ് സുഹൈബ് വിശ്രമ കേന്ദ്രത്തിൽ 120 ട്രക്കുകൾക്ക് പാർക്ക് ചെയ്യാനാവും. 59,000 ചതുരശ്ര മീറ്ററിലാണ് മദീനത്ത് ഹിന്ദ് 2വിലെ ട്രക്ക് വിശ്രമ കേന്ദ്രം നിർമിക്കുന്നത്. 120 ട്രക്കുകൾക്ക് ഇവിടെ വിശ്രമിക്കാൻ കഴിയും. ഹെവി ട്രക്കുകളുടെ പരിശോധന കേന്ദ്രം, ഡ്രൈവർ പരിശീലന കേന്ദ്രം, വർക്ക് ഷോപ്പുകൾ, ചെറുകിട ഔട്ട്ലറ്റുകൾ, ലോജിസ്റ്റിക് വെയർ ഹൗസുകൾ, താമസ്ഥലങ്ങൾ, വിനോദ ലോഞ്ചുകൾ, ഇ.വി ചാർജിങ് പോയിന്‍റുകൾ, ഡീസൽ സ്റ്റേഷൻ എന്നീ സൗകര്യങ്ങൾ മൂന്ന് കേന്ദ്രങ്ങളിലുമുണ്ടാകും. കൂടാതെ ട്രക്ക് ഡ്രൈവർമാരുടെ സുരക്ഷ, സുഖസൗകര്യങ്ങൾ, പ്രവർത്തനക്ഷമത എന്നിവ വർധിപ്പിക്കുന്നതിനായി രൂപകൽപന ചെയ്ത വിപുലമായ സേവനങ്ങൾ പുതിയ വിശ്രമ കേന്ദ്രങ്ങളിൽ ലഭ്യമാകും. ഓരോ വിശ്രമ കേന്ദ്രവും പ്രധാന ഇടനാഴികളിലും ലോജിസ്റ്റിക് ഹബ്ബുകളിലുമാണ് സ്ഥിതിചെയ്യുന്നത്. അതുവഴി ഉയർന്ന രീതിയിലുള്ള ട്രക്ക് ഗതാഗതം കൈകാര്യം ചെയ്യാനും എൻട്രി, എക്സിറ്റ് പോയിന്‍റുകൾക്കുള്ള അന്താരാഷ്ട്ര സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാനും കഴിയും. വാണിജ്യ, ചരക്കു ഗതാഗത രംഗത്ത് ആഗോള കേന്ദ്രമെന്ന ദുബൈയുടെ സ്ഥാനത്തെ പിന്തുണക്കുന്നതാണ് പുതിയ പദ്ധതിയെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു. എമിറേറ്റിൽ ഇതുവരെ 85,000 ഹെവി ട്രക്കുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇവ പ്രതിദിനം അഞ്ച് ലക്ഷത്തിലധികം ട്രിപ്പുകൾ നടത്തുന്നുണ്ടെന്നാണ് കണക്ക്. ട്രക്കുകൾക്കായി പ്രത്യേകമായ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ട്രക്ക് വിശ്രമ കേന്ദ്രം വികസിപ്പിക്കുന്നതിലൂടെ റോഡ് സുരക്ഷ വർധിപ്പിക്കാനും ട്രക്കുകളുടെ ക്രമരഹിതമായ പാർക്കിങ് കുറക്കാനും കഴിയും. കൂടാതെ ഗതാഗത നീക്കം മെച്ചപ്പെടുത്തുകയും സുസ്ഥിരമായ വിതരണ ശൃംഖലയെ പിന്തുണക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദുബൈയുടെ സാമ്പത്തിക അജണ്ടയായ ഡി33യുമായി ചേർന്ന് നിൽക്കുന്നതാണ് പുതിയ പദ്ധതി. സുസ്ഥിരമായ വികസനത്തിന്‍റെ പ്രധാന ചാലകശക്തിയാണ് ചരക്ക് ഗതാഗത നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.