പിടിച്ചെടുത്ത എൽ.പി.ജി സിലിണ്ടർ വാഹനത്തിനൊപ്പം ഉദ്യോഗസ്ഥർ
ദുബൈ: എമിറേറ്റിൽ അനുമതിയില്ലാതെ എൽ.പി.ജി സിലിണ്ടറുകൾ വിതരണംചെയ്ത കമ്പനികൾക്കും വാഹനങ്ങൾക്കുമെതിരെ നടപടി. എൽ.പി.ജി ഗ്യാസ് ഉപഭോക്താക്കളിലെത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ ദുബൈ റഗുലേറ്ററി കമ്മിറ്റി നടത്തിയ പരിശോധനയിലാണ് നടപടി. ഗ്യാസ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങൾ ദുബൈയിലെ വിവിധ ഇടങ്ങളിൽ നടന്ന പരിശോധനയിൽ പിടിച്ചെടുത്തു. നിയമം ലംഘിച്ച നിരവധി കമ്പനികൾക്കുമെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. യു.എ.ഇ അംഗീകരിച്ച നിയമങ്ങൾക്ക് അനുസരിച്ചല്ലാതെ വിതരണത്തിന് തയാറാക്കിയ എൽ.പി.ജി സിലിണ്ടറുകൾ, ദുബൈയിലെ അംഗീകൃത ഫില്ലിങ് പ്ലാൻറുകളുടെ വ്യാജ സീലുകൾ എന്നിവയും പിടിച്ചെടുത്തതിൽ ഉൾപ്പെടും.
യു.എ.ഇയിലെ അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി എൽ.പി.ജിയുടെ ഗതാഗതവും സംഭരണവും വിതരണവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പരിശോധന നടത്തിയതെന്നും അന്താരാഷ്ട്ര തലത്തിലെ സുരക്ഷയാണ് ഇക്കാര്യത്തിൽ ദുബൈ പിന്തുടരുന്നതെന്നും ദുബൈ സുപ്രീംകൗൺസിൽ ഫോർ എനർജി വൈസ് ചെയർമാൻ സഇൗദ് മുഹമ്മദ് ആൽ തായർ പറഞ്ഞു. പരിശോധനയിൽ സഹകരിച്ച ദുബൈ പൊലീസ്, ദുബൈ മുനിസിപ്പാലിറ്റി, ആർ.ടി.എ, ഇക്കോണമി ആൻഡ് ടൂറിസം വിഭാഗം തുടങ്ങിയ വകുപ്പുകൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. എൽ.പി.ജി സിലിണ്ടറുകൾ വാങ്ങുമ്പോൾ രസീത് വാങ്ങാനും സിലിണ്ടർ വാൽവിെൻറ മുകളിലെ സീൽ പരിശോധിക്കാനും ദുബൈയിൽ ലൈസൻസുള്ള സ്ഥാപനം സുരക്ഷിതമായി നിറച്ചതാണെന്ന് ഉറപ്പാക്കാനും അധികൃതർ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.