ഭീഷ്മ പർവത്തിന്‍റെ ഗ്ലോബൽ ലോഞ്ചിങ്ങിന്‍റെ ഭാഗമായി ദുബൈ എക്സ്പോയിലെ ഇന്ത്യൻ പവലിയനിൽ സംഘടിപ്പിച്ച പരിപാടിയിൽ മമ്മൂട്ടി സംസാരിക്കുന്നു
ദുബൈ: സിനിമകളെ മനപൂർവം ഡി ഗ്രേഡ് ചെയ്യുന്നത് ശരിയായ പ്രവണതയല്ലെന്ന് മമ്മൂട്ടി. പുതിയ ചിത്രമായ ഭീഷ്മപർവത്തിന്‍റെ ഗ്ലോബൽ ലോഞ്ചിങ്ങിന്‍റെ ഭാഗമായി ദുബൈ എക്സ്പോയിലെ ഇന്ത്യൻ പവലിയനിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനപൂർവമായ ഡി ഗ്രേഡിങ് ഇല്ല എന്ന് പറയാൻ കഴിയില്ല. ഉണ്ടാവാം. ഇത്തരം പ്രവൃത്തികളോട് യോജിപ്പില്ല. മനപൂർവമായ 'അപ്ഗ്രേഡിങും' ഉണ്ടാവാം. പ്രേക്ഷകരുടെ സിനിമ സങ്കൽപവും നിലവാരവും മാറിക്കഴിഞ്ഞു. ഇതനുസരിച്ച് സിനിമയും മാറിയിട്ടുണ്ട്. 1980കളിലെ കഥയാണ് ഭീഷ്മപർവത്തിന്‍റേത്. മാസ്ക് വെച്ച് നടക്കുന്നവർക്കിടയിൽ 1980കൾ ഷൂട്ട് ചെയ്യുക എന്നത് ശ്രമകരമായിരുന്നു. മഹാഭാരതത്തിലെ ഭീഷ്മരുമായി ചിത്രത്തിന് പ്രത്യക്ഷത്തിൽ ബന്ധമില്ല. കോവിഡ് മൂലം ഒരു വർഷത്തോളം ഷൂട്ടിങ് നടക്കാതെ വന്നു. രണ്ട് ഷെഡ്യൂളുകൾക്കിടയിൽ 70 ദിവസം വരെ ഗ്യാപ്പുണ്ടായി.
ചിത്രത്തെ കുറിച്ച് അവകാശ വാദങ്ങളൊന്നുമില്ല. കണ്ടിട്ട് അഭിപ്രായം പറയേണ്ടത് നിങ്ങളാണ്. കോവിഡ് കാലത്ത് അരക്ഷിതാവസ്ഥ അനുഭവപ്പെട്ടിരുന്നു. ജയിലിൽ കഴിഞ്ഞപോലെയായിരുന്നു ആ ദിനങ്ങൾ. അമൽ നീരദുമായി സിനിമ ചെയ്യാൻ വലിയ ഇടവേളയുണ്ടായത് മനപൂർവമല്ല. എല്ലാം ഒത്തുവരുമ്പോഴാണല്ലോ സിനിമ ചെയ്യുന്നതെന്നും മമ്മൂട്ടി കൂട്ടിചേർത്തു.
അടുത്ത ചിത്രം ദുൽഖറിനൊപ്പമാണെന്ന് സൗബിൻ ഷാഹിർ പറഞ്ഞു. മമ്മൂട്ടിയെ നായകനാക്കി ചെയ്യാൻ ഉദ്ദേശിക്കുന്ന 'ചെറുകഥ' എന്ന ചിത്രം ഇപ്പോഴും പദ്ധതിയിലുണ്ട്. അതൊരു വലിയ സിനിമയാണെന്നും സൗബിൻ പറഞ്ഞു. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചെയർമാൻ അബ്ദുൽ സമദ്, റീജനൽ മാനേജർ ആർ.ജെ. സൂരജ്, നെല്ലറ ഗ്രൂപ്പ് ചെയർമാൻ ഷംസുദ്ദീൻ നെല്ലറ, പി.ടി. ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഇർഷാദ് മങ്കട തുടങ്ങിയവരും പങ്കെടുത്തു. കുവൈത്ത് ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും അടക്കം 150 തീയറ്ററുകളിൽ വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.